മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനം: പിന്നില്‍ ഭീകരര്‍; സ്ഥിരീകരിച്ച് പൊലീസ്

മംഗളൂരു നഗരത്തില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനം. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. യാത്രക്കാരനെ ഇറക്കാനായി ഓട്ടോറിക്ഷ നിര്‍ത്തിയ സമയത്താണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതായാണ് വിവരം.

യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന വസ്തുവില്‍ നിന്ന് തീ പടര്‍ന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് ഡ്രൈവര്‍ നല്‍കിയ മൊഴി. സമീപത്തെ സിസിടിവി കാമറകളില്‍ നിന്നും സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സംഭവം ഭീകരവാദപ്രവര്‍ത്തനമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് അറിയിച്ചു. ‘ഇതൊരു വെറും അപകടമല്ല, ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ വേണ്ടി നടത്തിയ ഭീകരപ്രവര്‍ത്തനമാണ്. കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് കര്‍ണാടക പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും ഡിജിപി ട്വീറ്റ് ചെയ്തു.

Read more

സംഭവത്തിന് പിന്നാലെ മംഗളൂരു നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.