പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് വിദ്യാര്‍ത്ഥികളുടെ പരാതി; കോളജ് അധ്യാപകനെ അറസ്റ്റു ചെയ്തു

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു, വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കോളജ് അധ്യാപകനെ അറസ്റ്റു ചെയ്തുപ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ അസമിലെ ഗുരുചരണ്‍ കോളജ് അധ്യാപകന്‍ അറസ്റ്റില്‍. സൗരദീപ് സെന്‍ഗുപ്ത എന്ന അധ്യാപകനെയാണ് വെള്ളിയാഴ്ച അറസ്റ്റു ചെയ്തത്.

ഫെയ്സ്ബുക്കിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു, സനാതന ധര്‍മ്മം ദുരുപയോഗിച്ചു, അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ചു, ഹിന്ദു സമുദായത്തിനെതിരെ പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് കോളജിലെ 10 വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ നല്‍കിയ പരാതിയില്‍ ഉന്നയിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി ഗുരുചരണ്‍ കോളജി ഫിസിക്സ് ഗസ്റ്റ് ലക്ചര്‍ ആയി ജോലി ചെയ്യുകയാണ് സെന്‍ഗുപ്ത. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സെന്‍ഗുപ്തയുടെ പോസ്റ്റ്. ചിലര്‍ ഡല്‍ഹിയില്‍ ഗോധ്ര 2002 ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു പോസ്റ്റ്.

പോസ്റ്റ് വിവാദമായപ്പോള്‍ സെന്‍ഗുപ്ത അത് പിന്‍വലിക്കുകയും ആരുടെയെങ്കിലും മതവികാരം വ്രണപ്പെട്ടുവെങ്കില്‍ മാപ്പുപറയുന്നതായും അറിയിച്ചിരുന്നു. എന്നാല്‍ അധ്യാപകനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ പുറത്താക്കണമെന്ന് കാണിച്ച് പ്രിന്‍സിപ്പലിന് നിവേദനവും നല്‍കി.

സമുദായിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാവുന്ന സമൂഹ്യവിരുദ്ധ പ്രതികരണങ്ങള്‍ നടത്തിയതിന്റെ പേരിലാണ് അധ്യാപകനെ അറസ്റ്റു ചെയ്തതെന്ന് കച്ചാര്‍ എസ്.പി മനബെന്ദ്ര ദേവ് റായ് പറഞ്ഞു. ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 295(എ), 153(എ), 507, ഐ.ടി ആക്ടിലെ സെക്ഷന്‍ 66 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. സില്‍ചാറിലെ സാദര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് നമ്പര്‍ 722/2020 പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.