അസം ദേശീയ പൗരത്വ പട്ടിക വിവരങ്ങൾ അപ്രത്യക്ഷമായി; സാങ്കേതിക തകരാറെന്ന് ആഭ്യന്തര മന്ത്രാലയം

കഴിഞ്ഞ ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച അസമിലെ അന്തിമ പൗരന്മാരുടെ പട്ടികയുടെ ഡാറ്റ (വിവരങ്ങൾ) സുപ്രീം കോടതി നിർദ്ദേശിച്ച പ്രകാരം പ്രസിദ്ധീകരിച്ച സംസ്ഥാനത്തിന്റെ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ‌ആർ‌സി) വെബ്‌സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി. അതേസമയം എൻ‌ആർ‌സി ഡാറ്റ സുരക്ഷിതമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു, “ഇന്റർനെറ്റിലെ(ക്ലൗഡിലെ) ദൃശ്യപരതയിലെ ചില സാങ്കേതിക പ്രശ്‌നങ്ങൾ” ആണ് ആഭ്യന്തരമന്ത്രാലയം കാരണമായി പറയുന്നത്. പ്രശ്‌നം ഉടൻ പരിഹരിക്കപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു.

ഐ.ടി കമ്പനിയായ വിപ്രോയുമായുള്ള കരാർ പുതുക്കാത്തതാണ് കാരണമെന്നാണ് എൻ‌ആർ‌സി അധികൃതർ അവകാശപ്പെടുന്നത്.

അസമിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ഈ സംഭവവികാസത്തെ ദുരൂഹവും വഞ്ചനാപരമായ നടപടിയുമാണെന്ന് വിശേഷിപ്പിച്ചു.

അന്തിമ പട്ടിക 2019 ഓഗസ്റ്റ് 31- ന് പ്രസിദ്ധീകരിച്ചതിനു ശേഷം എൻ‌ആർ‌സിയിൽ ഇന്ത്യൻ പൗരന്മാരെ ഒഴിവാക്കുന്നതിനും ഉൾപ്പെടുത്തുന്നതിനുമുള്ള വിശദവിവരങ്ങൾ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.nrcassam.nic.in ൽ അപ്‌ലോഡ് ചെയ്തിരുന്നു.

അസമിലെ അന്തിമ എൻ‌ആർ‌സി പട്ടിക ഇന്ത്യ രജിസ്ട്രാർ ജനറൽ ഔദ്യോഗികമായി അറിയിച്ചിട്ടില്ലാത്ത സമയത്താണ് വിവരങ്ങൾ കാണാതാവുന്നത്.

അസമിലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനുള്ള പൗരന്മാരുടെ പട്ടികയിൽ 19 ലക്ഷത്തിലധികം ആളുകൾ ഇന്ത്യൻ പൗരന്മാരല്ലെന്ന് കണക്കാക്കിയിരുന്നു. പൗരത്വം തെളിയിക്കാനുള്ള എല്ലാ നിയമ സാദ്ധ്യതകളും അവസാനിക്കുന്നതുവരെ എൻ‌ആർ‌സിയിൽ പേരുകൾ കാണാത്ത ആളുകളെ വിദേശികളായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.

വിവരങ്ങൾ അപ്രത്യക്ഷ്യമായ സംഭവം അടിയന്തിരമായി പരിശോധിക്കാൻ അഭ്യർത്ഥിച്ച്‌ അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദെബബ്രത സൈകിയ ഇന്ത്യ രജിസ്ട്രാർ ജനറലിന് കത്തെഴുതി. “എൻ‌ആർ‌സി അതോറിറ്റി സ്വീകരിച്ച മെല്ലെ പോക്ക് മനോഭാവം കാരണം അപ്പീൽ പ്രക്രിയ പോലും ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, എന്തുകൊണ്ടാണ് ഓൺ‌ലൈൻ ഡാറ്റ പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് എന്നത് ദുരൂഹതയാണ്. അതിനാൽ, ഓൺലൈൻ ഡാറ്റയുടെ തിരോധാനം ഗൂഢലക്ഷ്യങ്ങളോടെ ഉള്ള നടപടിയാണെന്ന് സംശയിക്കാൻ ധാരാളം കാരണങ്ങളുണ്ട്. അപ്പീൽ പ്രക്രിയ ഇനിയും ആരംഭിച്ചിട്ടില്ലാത്ത സമയത്ത് എൻ‌ആർ‌സി വെബ്‌സൈറ്റിൽ നിന്ന് ഡാറ്റ ഇല്ലാതാക്കുന്നത് സുപ്രീംകോടതി പുറപ്പെടുവിച്ച നിർദ്ദേശത്തിന്റെ മനഃപൂർവമായ ലംഘനമാണ്.” കോൺഗ്രസ് നേതാവ് കത്തിൽ പറഞ്ഞു.

മുൻ എൻ‌ആർ‌സി കോർഡിനേറ്റർ പ്രതീക് ഹജെലയെ കഴിഞ്ഞ ഒക്ടോബറിൽ സ്ഥലംമാറ്റം കിട്ടി പോയതിന് ശേഷം ഡാറ്റ സൂക്ഷിക്കുന്നതിനുള്ള ക്ലൗഡ് സെർവർ സബ്‌സ്‌ക്രിപ്‌ഷൻ കാലഹരണപ്പെടുകയും ഇത് പുതുക്കാത്തതുമാണ് വിവരങ്ങൾ അപ്രത്യക്ഷമായതിന് കാരണമെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തത്. അദ്ദേഹത്തിന്റെ പകരക്കാരനെ നിയമിക്കുന്നതിലെ കാലതാമസം വിപ്രോയുമൊത്തുള്ള ക്ലൗഡ് സേവന സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കുന്നതുൾപ്പെടെയുള്ള പ്രധാനപ്പെട്ട ജോലികൾ മന്ദഗതിയിലാക്കി.