'വിവാഹം കഴിക്കാൻ ഹിന്ദു പെൺകുട്ടിയോട് കള്ളം പറയുന്ന ഹിന്ദു ആൺകുട്ടിയും ജിഹാദ്';  സംസ്ഥാനത്ത് ഇതിനെതിരെ നിയമം വരുമെന്ന് അസം മുഖ്യമന്ത്രി

ഹിന്ദു പെൺകുട്ടിയോട് കള്ളം പറയുന്ന ഹിന്ദു ആൺകുട്ടിയും ജിഹാദ് ആണെന്ന് അസം മുഖ്യമന്ത്രി ഹിമാന്ദ ബിശ്വാസ് ശര്‍മ. ഇതിനെതിരെ സംസ്ഥാനത്ത് നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹിന്ദുത്വത്തിന് 5,000 വർഷം പഴക്കമുണ്ട്. രാജ്യത്തുള്ള മിക്ക മതങ്ങളുടെയും അനുയായികൾ ഹിന്ദുക്കളുടെ പിൻഗാമികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ലവ് ജിഹാദ് എന്നാൽ ഒരു മുസ്ലീം ഹിന്ദുവിനെ വഞ്ചിക്കുക എന്ന് മാത്രമല്ല  അർത്ഥമാക്കുന്നത്. ഹിന്ദുക്കൾക്കിടയിലും ഇത് സംഭവിക്കാം. വിവാഹം കഴിക്കാൻ ഒരു ഹിന്ദു പെൺകുട്ടിയോട് കള്ളം പറയുന്ന ഹിന്ദു ആൺകുട്ടിയും ജിഹാദ് ആണ്. അത് ‘ലവ് ജിഹാദിന്റെ’ ഒരു രൂപമാണ്, ”-ശർമ്മ പറഞ്ഞു.

സംസ്ഥാനത്തെ അതിർത്തി പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. “ചിലയിടങ്ങളിൽ പ്രശ്നങ്ങളുണ്ട്. അവിടെയെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥനാനത്തിന്റെ പ്രവേശന കവാടങ്ങൾ എല്ലായ്‌പ്പോഴും തുറന്നിരിക്കും. എന്നുവച്ച് നമ്മുടെ ഭൂമി കൈയേറ്റം ചെയ്യാൻ ആരെയും അനുവദിക്കില്ല- അദ്ദേഹം വ്യക്തമാക്കി. സസ്ഥാനത്ത് ഡെൽറ്റ പ്ളസ് വൈറസുകൾ റിപ്പോർട്ടുചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി പുനക്രമീകരിച്ചിരുന്നു. തദ്ദേശീയ വിശ്വാസവും സംസ്കാരവും സംരക്ഷിക്കുന്നതിനായി ഒരു സ്വതന്ത്ര വകുപ്പ് സംസ്ഥാനത്ത് ഉണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ 60 സീറ്റുകള്‍ നേടിയാണ് ഹിമാന്ദ ബിശ്വാസ് ശര്‍മയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. പുതിയ നിയമസഭയുടെ ഉദ്ഘാടന സെഷനിൽ സംസ്ഥാനത്ത് പുതിയ പശു സംരക്ഷണ ബില്‍ അവതരിപ്പിക്കുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു.