തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയുടെ മകനെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം; മോദി സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്ന് ആരോപണം

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് മകന്‍ ആബിര്‍ ലവാസയ്ക്കെതിരെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (എഫ്ഇഎംഎ) ലംഘിച്ചതായി ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ആബിര്‍ ലവാസയ്ക്കും ആബിര്‍ ഡയറക്ടറായ നറിഷ് ഓര്‍ഗാനിക് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയുമാണ് ഇ.ഡി അന്വേഷണം തുടങ്ങിയിരിക്കുന്നത്. 2019-ല്‍ മൗറീഷ്യസ് കമ്പനിയായ സാമ കാപ്പിറ്റലില്‍ നിന്ന് നറിഷ് ഓര്‍ഗാനിക് ഫുഡ്സ് സ്വീകരിച്ച 7.25 കോടി രൂപ സംബന്ധിച്ചാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം.

അതേസമയം പല ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളിലും സാമ കാപ്പിറ്റല്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. പേ ടിഎം, ചായ് പോയിന്റ്, വിസ്താര്‍ (എന്‍ബിഎഫ്സി), സനാപ്പ് ഡീല്‍, എസ്‌കെഎസ് മൈക്രോഫിനാന്‍സ് തുടങ്ങിയവയില്‍. ആബിര്‍ ലവാസ 2017 നവംബര്‍ 14 മുതല്‍ നറിഷ് ഫുഡ്സിന്റെ ഡയറക്ടറാണ്. കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആബിര്‍ ലസാനയ്ക്ക് എന്‍ഫോഴ്സ്മെന്റ് സമന്‍സ് അയച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആബിര്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി.

സാമ കാപ്പിറ്റലില്‍ നിന്നുള്ള ഫണ്ട് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ചത്തെ സമയമാണ് ആബിറിന് എന്‍ഫോഴ്സ്മെന്റ് അനുവദിച്ചത്. വലിയ നഷ്ടത്തിലായിട്ടും വന്‍ തുകയുടെ നിക്ഷേപം ലഭിച്ചു എന്നാണ് എന്‍ഫോഴ്സ്മെന്റ് പറയുന്നത്. നേരത്തെ ആദായ നികുതി വകുപ്പ് നറിഷ് ഫുഡ്സ് ലിമിറ്റഡിന്റെ അക്കൗണ്ട് ബുക്കുകള്‍ പരിശോധിച്ചിരുന്നു. ഓഗസ്റ്റില്‍ ആദായനികുതി വകുപ്പ് കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. ആബിര്‍ ലവാസയ്ക്ക് കമ്പനിയില്‍ 10000 ഷെയറുകളാണുള്ളത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചതിന് അശോക് ലവാസയ്ക്കും കുടുംബത്തിനുമെതിരെ നടത്തുന്ന പ്രതികാര നടപടികളാണ് ഇതെന്നാണ് ആരോപണം.

അശോക് ലവാസയുടെ ഭാര്യ നോവല്‍ ലവാസയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. ആദായനികുതി വകുപ്പ് റെയ്ഡും നടത്തിയിരുന്നു. അശോക് ലവാസയുടെ സഹോദരിയും പീഡിയാട്രീഷ്യനുമായ ഡോ.ശകുന്തള ലവാസയ്ക്കും ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.

Read more

പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയും ക്ലീന്‍ ചിറ്റ് നല്‍കിയപ്പോള്‍ അശോക് ലവാസ പ്രതിഷേധം രേഖപ്പെടുത്തുകയും മാതൃകാ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കില്ല എന്ന് അറിയിക്കുകയും ചെയ്തിരുന്നു.