അരവിന്ദ് കെജ്‌രിവാളിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കില്ല; നിയമോപദേശം തേടി ഇഡി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി ഉടന്‍ അറസ്റ്റ് ചെയ്‌തേക്കില്ല. മദ്യനയ അഴിമതി കേസില്‍ കെജ്‌രിവാളിനെ ഉടന്‍ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേസില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഇഡി നീക്കം.

ഇതോടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെജ്‌രിവാളിന് ഇഡി വീണ്ടും നോട്ടീസ് അയയ്ക്കും. കെജ്‌രിവാളിന് ഇഡി നിയമപരമായി സമന്‍സ് അയച്ചാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് എഎപി അറിയിച്ചു. എന്നാല്‍ നോട്ടീസില്‍ ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത് സാക്ഷിയെയാണോ പ്രതിയെയാണോ എന്ന് വ്യക്തമാക്കണമെന്നും എഎപി വ്യക്തമാക്കി.

ഇഡി തിടുക്കപ്പെട്ട് അറസ്റ്റിലേക്ക് കടന്നാല്‍ പ്രതിഷേധത്തിന് തയ്യാറായിരിക്കാനാണ് എഎപി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാരിന്റേത് രാഷ്ട്രീയ നീക്കമാണെന്ന് ആരോപിച്ച് എന്‍സിപി നേതാവ് ശരദ് പവാറും രംഗത്തെത്തിയിട്ടുണ്ട്.