അ​ഗ്നിപഥ് പദ്ധതി; സെക്കന്തരാബാദ് അക്രമത്തിന് പിന്നിൽ സൈനിക പരിശീലന കേന്ദ്രങ്ങളെന്ന് ഹൈദരാബാദ് പൊലീസ്

അഗ്നിപഥ് പദ്ധതിക്കെതിരായി സെക്കന്തരാബാദിലുണ്ടായ സംഘർഷത്തിന് പിന്നിൽ സൈനിക പരിശീലന കേന്ദ്രങ്ങളാണന്ന് ഹൈദരാബാദ് പൊലീസിന്റെ റിപ്പോർട്ട്. ഉദ്യോഗാർത്ഥികളെ പദ്ധതിയുടെ പേരിൽ പ്രകോപിപ്പിച്ചത് കോച്ചിങ് സെൻറർ നടത്തിപ്പുകാരാണെന്നും, പ്രതിഷേധകാർക്ക് സാമ്പത്തിക സഹായം അടക്കം നൽകിയെന്നും പൊലീസ് വ്യക്തമാക്കി. സെക്കന്തരാബാദിൽ പ്രതിഷേധത്തിനായി പ്രവർത്തിപ്പിച്ചത് 5 വാട്സ്‍ആപ്പ് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയതായും ഹൈദരാബാദ് പൊലീസ് വ്യക്തമാക്കി.

പ്രതിഷേധം ആസൂത്രണം ചെയ്ത അമ്പതോളം പേരെ സെക്കന്തരാബാദിൽ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സായ് ഡിഫന്‍സ് അക്കാദമി എന്ന സെന്‍ററിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായവരിൽ കൂടുതൽ. സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരനും പ്രധാന ആസൂത്രകനുമായ സുബ്ബ റെഡ്ഢിയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ചലോ സെക്കന്തരാബാദ് എന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഗ്നിപഥ് നടപ്പായാല്‍ സൈന്യത്തില്‍ പ്രവേശനം ലഭിച്ചേക്കില്ലെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇവര്‍ പ്രചരിപ്പിച്ചിരുന്നു. കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് കാത്തിരുന്ന വിദ്യാര്‍ത്ഥികള്‍ ഇതിനെ തുടര്‍ന്നാണ് സെക്കന്തരാബദില്‍ വ്യാപക പ്രതിഷേധം നടത്തിയത്.

സെക്കന്തരാബാദിൽ മൂന്ന് ട്രെയിനുകള്‍ക്കാണ്  പ്രതിഷേധക്കാര്‍ തീവച്ചത്. ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, രാജ്കോട്ട് എക്സ്പ്രസ്, അജന്ത എക്സ്പ്രസ് എന്നിവയ്ക്കാണ് തീയിട്ടത്.  ട്രെയിനുകള്‍ കത്തിച്ചതിലൂടെ  20 കോടിയുടെ നാശനഷ്ടമുണ്ടായത്.