'പോരാട്ടം തുടരും'; കെജ്‌രിവാള്‍ സി.ബി.ഐ ആസ്ഥാനത്ത്; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സിബിഐ ആസ്ഥാനത്ത് എത്തി. സെന്‍ട്രല്‍ ഡല്‍ഹിയിലെ ലോദി റോഡിലുള്ള സിബിഐ ആസ്ഥാനത്താണ് കെജ്‌രിവാള്‍ ഹാജരായിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമാണ് കെജ്രിവാള്‍ എത്തിയത്.

ബിജെപി സിബിഐയോട് തന്നെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട് എങ്കില്‍ ഉറപ്പായും അറസ്റ്റ് ഉണ്ടാകുമെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു. ബിജെപി താന്‍ അഴിമതിക്കാരന്‍ ആണെന്ന് പറയുന്നു. താന്‍ ഇന്‍കം ടാക്‌സില്‍ കമ്മീഷണര്‍ ആയിരുന്നു. വേണമെങ്കില്‍ കോടികള്‍ സമ്പാദിക്കാമായിരുന്നു. താന്‍ അഴിമതിക്കാരന്‍ ആണെങ്കില്‍ ലോകത്തില്‍ ആരും സത്യസന്ധരല്ലെന്നും കെജ്രിവാള്‍ പറഞ്ഞു. സിബിഐ യുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി നല്‍കുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

രാജ് ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കെജ്‌രിവാള്‍ സിബിഐ ഓഫീസിലേക്ക് എത്തിയത്. കെജ്രിവാളിന്റെ വീടിന് മുന്നിലും സിബിഐ ആസ്ഥാനത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഡല്‍ഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. വലിയൊരു വിഭാഗം എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം,  പ്രതിഷേധത്തിനായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. രാജ് ഘട്ടിന് മുന്നില്‍ കെജ്രിവാള്‍ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് ബിജെപി ധര്‍ണ നടത്തും. മഹാത്മാ ഗാന്ധിയെ കെജ്രിവാള്‍ അപമാനിച്ചു എന്നാണ് ബിജെപിയുടെ ആരോപണം.

മദ്യനയ അഴിമതിയുടെ പ്രധാന സൂത്രധാരന്‍ അരവിന്ദ് കെജ്രിവാളെന്ന് ബിജെപി പറയുന്നു. കെജ്രിവാളാണ് മദ്യനയത്തിന്റെ കരട് സെക്രട്ടറിക്ക് നല്‍കിയത്. മദ്യവ്യവസായികള്‍ക്ക് 144 കോടി ലാഭം ഉണ്ടാക്കി നല്‍കി. ഇതിന്റെ കമ്മീഷന്‍ കെജ്രിവാളിന് പോയെന്നും ബിജെപി ആരോപിക്കുന്നുണ്ട്.