തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ മത്സ്യസംസ്കരണ കേന്ദ്രത്തില്‍നിന്ന് അമോണിയ ഗ്യാസ് ചോര്‍ന്ന് ഏഴ് പേര് മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ 7 സ്ത്രീകളാണ് മരിച്ചതെന്നാണ് സൂചന. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 46 പേര് ചികിത്സയിലുണ്ടെന്നാണ് പ്രാഥമിക വിവരം. ഏഴ് പേര് അതീവഗുരുതരവസ്ഥയില്‍ വെന്റിലേറ്ററിലാണുള്ളത്.
സെന്റ് പീറ്റേര്‍സ് ആന്റ് പോള്‍ സീഫുഡ് എക്സ്പോര്‍ട്ട് കേന്ദ്രത്തിലാണ് അപകടമുണ്ടായത്. പെരിയപാളയത്തിന് സമീപം കന്നിഗൈപെയറിലാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ഗുരുതരമായ ശ്വാസം മുട്ടലും തലകറക്കവും ഛര്‍ദ്ദിയും ഉണ്ടായി. മെഷര്‍ വാള്‍വിലെ തകരാറാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ദേശീയദുരന്ത നിവാരണസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
Read more
സംഭവത്തില്‍ അന്വേഷണം നടത്താന്‍ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നിര്‍ദേശിച്ചു. അതിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മൂന്ന് ദിവസത്തിനുള്ളില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് ഉത്തരവ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.







