ബി.ജെ.പി നിലനില്‍ക്കുന്നിടത്തോളം രാജ്യദ്രോഹനിയമം റദ്ദാക്കാന്‍ അനുവദിക്കില്ല, സാക്കിര്‍ നായിക് രാജ്യം വിട്ടത് മോദിയെ ഭയന്നെന്നും ഷാ

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്നുണ്ടോ ഇല്ലയോ എന്നല്ല, പാര്‍ട്ടി നേതാക്കള്‍ ജീവിച്ചിരിക്കുന്നിടത്തോളം കശ്മീരിനെ ഇന്ത്യയില്‍ നിന്നും എടുത്തുമാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസുകാര്‍ പറയുന്നു രാജ്യദ്രോഹനിയമം റദ്ദാക്കണമെന്ന്. എന്നാല്‍ സാക്കിര്‍ നായിക്കിനെ പോലെ തീവ്രവാദം പ്രചരിപ്പിക്കുന്നവര്‍ രാജ്യം വിട്ടുപോയത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയന്നിട്ടാണെന്നും അമിത് ഷാ പറഞ്ഞു.

“ഒമര്‍ അബ്ദുള്ള പറയുന്നു കശ്മീരിന് പ്രത്യേക പ്രധാനമന്ത്രിവേണമെന്ന്. ഒരു രാജ്യത്തിന് എങ്ങനെയാണ് രണ്ട് പ്രധാനമന്ത്രിമാര്‍? ഇത്തരക്കാര്‍ക്ക് വേണ്ടത് കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍തിരിക്കുകയെന്നതാണ്. രാഹുല്‍ഗാന്ധിക്കും ഒമര്‍ അബ്ദുള്ളക്കും അറിയാം കശ്മീര്‍ ഇന്ത്യയുടെ അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ഭാഗമാണെന്ന്, ബി.ജെ.പി നേതാക്കള്‍ ജീവിച്ചിരിക്കുന്നത് വരെ കശ്മീരിനെ ആര്‍ക്കും ഇന്ത്യയില്‍ നിന്ന് വേര്‍തിരിക്കാന്‍ കഴിയില്ല.പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ വീണ്ടും തെരഞ്ഞെടുക്കുകയാണെങ്കില്‍ ഞങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റും.”- അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസ് ചിന്തിച്ചുെകാണ്ടിരിക്കുന്നത് രാജ്യദ്രോഹ നിയമം എടുത്തുകളയുന്നതിനെകുറിച്ചാണെന്നും എന്നാല്‍ ബി.ജെ.പി ഒരിക്കലും അതിന് അനുവദിക്കില്ലെന്നും ഷാ വ്യക്തമാക്കി.

മോദി- യോഗി കൂട്ടുകെട്ടില്‍ ഉത്തര്‍പ്രദേശിനെ രാജ്യത്തെ ഏറ്റവും നല്ല സംസ്ഥാനമായി ഉയര്‍ത്താമെന്നും അതിന് ബി.ജെ.പി വോട്ട് ചെയ്യണമെന്നും അമിത് ഷാ യുപിയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു.