രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമോ? അമേഠി, റായ്ബറേലി പ്രഖ്യാപനത്തിൽ തീരുമാനമുണ്ടായേക്കും; കോൺഗ്രസ് യോഗം ഇന്ന് വൈകിട്ട്

കോൺഗ്രസിന് നിർണായകമായ യുപിയിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകിട്ട് ചേരുന്നുണ്ട്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിലെയും വയനാട് മണ്ഡലത്തിലെയും പോളിംഗ് കഴിഞ്ഞ സാഹചര്യത്തിലാണ് അമേഠി, റായ്ബറേലി സീറ്റുകളിൽ കോണ്‍ഗ്രസ് പ്രഖ്യാപനം നടത്തുമെന്ന് കരുതുന്നത്. ഇരു മണ്ഡലങ്ങളിലെയും നേതാക്കളുടെയും ഭാരവാഹികളുടെയും യോഗം പ്രിയങ്ക ഗാന്ധി വിളിച്ചിരുന്നു. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ്ബേറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന സമ്മര്‍ദ്ദം കോൺഗ്രസിനുള്ളിൽ ശക്തമാണ്. വയനാട്ടില്‍ നിന്ന് അങ്ങനെയങ്കില്‍ രാഹുലിന്‍റെ യാത്ര അമേഠിയിലേക്കായിരിക്കും.

റായ്ബറേലിയില്‍ മത്സരിക്കാന്‍ ഇരുവരും താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സോണിയ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് മാനേജരും ഉത്തര്‍പ്രേദശിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമൊക്കെയായിരുന്ന പ്രിയങ്കക്കാണ് മണ്ഡലം കൂടുതല്‍ പരിചിതമെന്നാണ് വിലയിരുത്തല്‍. റായ്ബറേലി സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടെന്ന റിപ്പോര്‍ട്ടുകളോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.

അതേസമയം റായ്ബറേലിയിൽ പ്രിയങ്ക മത്സരിച്ചാല്‍ വരുണ്‍ ഗാന്ധി അവിടെ സ്ഥാനാർഥിയാകണമെന്ന് ബിജെപി നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഈ നിർദേശം വരുൺ നിരസിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രിയങ്ക ഗാന്ധി ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയായി ഇവിടെ എത്തുമെന്ന് അഭ്യൂഹങ്ങൾ വന്നതിന് പിന്നാലെയാണ് വരുൺ ഗാന്ധിക്ക് പിതാവിന്റെ സഹോദരപുത്രിക്കെതിരെ മത്സരിക്കുന്നതിന് സീറ്റ് നൽകിയത്.

പിലിഭിത്തിലെ സിറ്റിങ് എംപിയായ വരുൺ ഗാന്ധിക്ക് ഇത്തവണ അവിടെ സീറ്റ് നിഷേധിച്ചിരുന്നു. പകരം പിലിഭിത്തിൽ ഇത്തവണ കോൺഗ്രസ് വിട്ടെത്തിയ ജിതിൻ പ്രസാദയെയാണ് ബിജെപി സ്ഥാനാർഥിയാക്കിയിരിക്കുന്നത്. ബിജെപി നേതൃത്വം റായ്ബറേലിയിൽ മത്സരിക്കാനുള്ള നിർദേശവുമായി മുന്നോട്ട് വന്നപ്പോൾ ഒരാഴ്ചത്തെ സമയമാണ് വരുൺ ചോദിച്ചത്. തുടർന്ന് വരുൺ മത്സരിത്തിനില്ലെന്ന് അറിയിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

റായ്ബറേലിയിലെ സിറ്റിങ് എംപിയായ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് പോയതോടെയാണ് പകരം ഇവിടെ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുയർന്നത്. ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ ഏക സിറ്റിങ് സീറ്റാണ് റായ്ബറേലി. 2004 മുതൽ സോണിയ ഗാന്ധിയാണ് ഇവിടുത്തെ എംപി. വരുണിന്റെ അമ്മയും സുൽത്താൻപുരിലെ ബിജെപി സ്ഥാനാർഥിയുമായ മനേക ഗാന്ധി 1984ൽ അമേഠിയിൽ രാജീവ് ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പ്രിയങ്കയ്‌ക്കെതിരെ മത്സരിക്കാൻ വരുണിനെ ബിജെപി സമീപിച്ചത്.

Read more

മെയ് മൂന്ന് വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. രണ്ടിനോ മൂന്നിനോ രാഹുലും പ്രിയങ്കയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തലേന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് ആലോചനയെന്നും സൂചനയുണ്ട്. അടുത്ത മാസം ഇരുപതിനാണ് രണ്ടിടത്തും പോളിംഗ്.