വെടിനിർത്തൽ ധാരണക്ക് ശേഷം ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡിജിഎംഒമാരുടെ ആദ്യയോഗം ഇന്ന്. ആദ്യം യോഗം നടക്കില്ല എന്ന വാർത്തകൾ വന്നെങ്കിലും ഉച്ചക്ക് 12 മണിക്ക് തന്നെ യോഗം നടക്കും. വെടിനിർത്തൽ അവസാനിച്ച സാഹചര്യത്തിലും പ്രകോപനം നടത്തിയ പാകിസ്താന്റെ നടപടികളിൽ ഉള്ള പ്രതിഷേധം ഇന്ത്യ യോഗത്തിൽ അറിയിക്കും.
ഇനിയും സംഘർഷം തുടർന്നാൽ ശക്തമായ മറുപടി ഇന്ത്യ നൽകും എന്നും യോഗത്തിൽ പറയും. ഇത് കൂടാതെ അനാവശ്യമായി നടത്തുന്ന നുണപ്രചാരണങ്ങൾ പാകിസ്ഥാൻ അവസാനിപ്പിക്കണം എന്ന ആവശ്യവും യോഗത്തിൽ ചർച്ചയാകും. നിലവിൽ ജമ്മു കാശ്മീരിൽ അടക്കം ആക്രമണങ്ങൾ ഉണ്ടായ എല്ലാ സ്ഥലങ്ങളിലും ജനജീവിതം സാധാരണ നിലയിലാണ്.
അതേസമയം ഇന്നലെ ഭീകരർ ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടർന്ന് വേട്ടയാടുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. തീവ്രവാദികൾക്ക് ശക്തമായ മറുപടി സൈന്യം നൽകിയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ ഒരു ജനവാസമേഖലകളെയും ഉന്നമിട്ട് ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് വെളിപ്പെടുത്തി. പാക് സൈന്യത്തിന്റെ കമാൻഡ് സെന്ററുകളിൽ ഒന്നായ റാവൽപിണ്ടിയിലടക്കം ആക്രമണം നടത്തി. പല തവണ പാകിസ്ഥാനിൽ പ്രവേശിച്ച് ആക്രമണം നടത്തി തിരിച്ചെത്തിയ ഇന്ത്യൻ സൈന്യത്തിന് പ്രതിരോധ മന്ത്രി അഭിനന്ദനമറിയിച്ചു.
Read more
ഭീകരർക്ക് പാക് മണ്ണ് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് ഓപ്പറേഷൻ സിന്ദൂർ നൽകിയെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവിലെ പുതിയ ബ്രഹ്‌മോസ് നിർമാണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. ഓപ്പറേഷൻ സിന്ദൂർ ഒരു സൈനിക നടപടി മാത്രമായിരുന്നില്ല, രാജ്യത്തെ സാധാരണക്കാർക്ക് നീതി ഉറപ്പാക്കാനുള്ള ഒരു നീക്കമായിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസ മേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ല.