അസമിലെ പൗരത്വ രജിസ്റ്ററിന് പിന്നാലെ മുംബൈയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കായി തടങ്കല്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനായി അസമില്‍ പൗര രജിസ്റ്റര്‍ തയ്യാറാക്കിയതിനു പിന്നാലെ മുംബൈയില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിനായി തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കാന്‍ ഭൂമി ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് നവി മുംബൈ ആസൂത്രണ അതോറിറ്റിക്കു കത്തെഴുതിയെന്നാണ് സൂചനകള്‍. അസമിനു പിന്നാലെയാണ് രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനത്തും സമാനമായ നീക്കം.

മുംബൈയില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെയുള്ള നെരൂളില്‍ മൂന്ന് ഏക്കര്‍ സ്ഥലം വരെ ആവശ്യപ്പെട്ടുള്ള കത്താണ് ആഭ്യന്തര വകുപ്പ് കൈമാറിയിരിക്കുന്നത്. കത്ത് ലഭിച്ച കാര്യം ആസൂത്രണ അതോറിറ്റി അധികൃതര്‍ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ എല്ലാ പ്രധാന കുടിയേറ്റ മേഖലകളിലും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കണമെന്ന് ഈ വര്‍ഷമാദ്യം കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കമെന്നാണ് സൂചന.

സംസ്ഥാനത്ത് നിന്ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന ആവശ്യം ശിവസേന മുന്നോട്ടു വെച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സഖ്യകക്ഷി ആവശ്യം ഉയര്‍ത്തിയത്. അനധികൃതമായി തുടരുന്ന ബംഗ്ലാദേശികളെ പുറത്താക്കാന്‍ അസമില്‍ നടപ്പാക്കിയതു പോല്‍ ദേശീയ പൗര രജിസ്റ്റര്‍ ആവശ്യമാണെന്നും ശിവസേന നേതാവ് അരവിന്ദ് സാവന്ത് വ്യക്തമാക്കിയിരുന്നു. ഇതേ ആവശ്യം ബിഹാറില്‍ ബിജെപി മന്ത്രിമാരും ഉയര്‍ത്തിയിട്ടുണ്ട്.

ഒരു അനധികൃത കുടിയേറ്റക്കാരനെ പോലും രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് ഞായറാഴ്ച ഈസ്‌റ്റേണ്‍ കൗണ്‍സിലിന്റെ (എന്‍ഇസി) പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. അസമിലെ പൗരത്വ രജിസ്റ്ററില്‍ നിന്ന് 19 ലക്ഷം ആളുകളാണ് പുറത്തായത്.