'മോദിക്കെതിരെ നടപടി വേണം', പ്രകടന പത്രിക മുസ്ലീം പ്രീണനമല്ല; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോണ്‍ഗ്രസ്.  പ്രകടനപത്രികയില്‍ മുസ്ലീം പ്രീണനമാണെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെയാണ് പരാതി നല്‍കിയത്. പ്രകടനപത്രികയിലെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളെ മുസ്ലീം പ്രീണനമായി ചിത്രികരിച്ച് ഭൂരിപക്ഷത്തെ അകറ്റാനുള്ള മോദിയുടെ നീക്കമാണിതെന്നാണ് ആരോപണം.

കോണ്‍ഗ്രസ് പ്രതിരോധമുയര്‍ത്തിയിട്ടും നരേന്ദ്ര മോദി ആക്ഷേപം തുടര്‍ന്നുവെന്ന് കോൺഗ്രസ് പറയുന്നു. വര്‍ഗീയത ആളിക്കത്തിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രചാരണം നടത്താനുള്ള അന്തരീക്ഷമുണ്ടാകണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിയുടെ പരാമർശത്തിൽ ദുഃഖമുണ്ടെന്ന് പരാതി നല്‍കിയശേഷം കോണ്‍ഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞു.

കോൺഗ്രസ് പത്രികയിൽ ലീഗിന്‍റെ നിലപാടുകളും ആവശ്യങ്ങളുമാണെന്ന് നേരത്തെ പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇന്നലെയും ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് റാലിയിൽ ഇതേ ആരോപണം മോദി ഉന്നയിച്ചിരുന്നു. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ മത്സരത്തിന്‍റെ പശ്ചാത്തലത്തിലാണ് മുസ്ലീം ലീഗ് നിലപാട് പ്രകടനപത്രികയിലൂടെ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുവെന്ന ആരോപണവും മോദി ഉയർത്തിയിരുന്നു.

അതേസമയം, വര്‍ഗീയ വിഭജനത്തിനുള്ള കൃത്യമായ അജണ്ടയാണ് പ്രധാനമന്ത്രി നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ആദിവാസി വിരുദ്ധമാണ് ബിജെപി നിലപാടുകളെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വനവാസികളെന്ന് വിളിച്ച് വില കുറച്ച് കാണിക്കാന്‍ ശ്രമിക്കുകയാണെന്നും, ആദിവാസികളുടെ ഭൂമി അദാനിമാര്‍ക്ക് മോദി വിട്ടുനല്‍കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.