കാശ്മീര്‍ ശാന്തമായിട്ടില്ല; പ്രത്യേക പദവി എടുത്തുനീക്കിയതില്‍ ജനങ്ങളില്‍ അണയാത്ത പ്രതിഷേധം; ഒരുനാളില്‍ വലിയ പ്രക്ഷോഭം ഉണ്ടാകുമെന്ന് തരിഗാമി

പൗരത്വ ഭേദഗതി ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ചിട്ടുള്ളതാണെങ്കിലും അത് ഭാവിയില്‍ സമൂഹത്തെ ആകെ വേര്‍തിരിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി. അതുകൊണ്ടു തന്നെ പൗരത്വ ഭേദഗതിയില്‍ കേരളം എടുത്ത നിലപാട് അഭിനന്ദാര്‍ഹമാണെന്ന് അദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ പോലും പരിഗണിക്കുന്നില്ല. വൈവിധ്യമാണ് രാജ്യത്തിന്റെ ബലം. ന്യൂനപക്ഷങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് ന്യൂനപക്ഷങ്ങളോട് മാത്രം ചെയ്യുന്ന ദയയല്ല. രാജ്യത്തിന്റെ വൈവിധ്യം നിലനിര്‍ത്താനുള്ള ഏറ്റവും അടിസ്ഥാന ഘടകമാണ്

ഇന്ത്യയിലെ ജനങ്ങള്‍ സ്വാതന്ത്ര്യം മുതല്‍ നേടിയ നേട്ടങ്ങള്‍ നശിപ്പിക്കുന്നതിന്റെ തുടക്കം മാത്രമാണ് കശ്മീരില്‍ ബിജെപി എടുത്ത നിലപാട്. ഇന്ത്യയുടെ എല്ലാ മേഖലകളിലേക്കും അത് അവര്‍ വ്യാപിപ്പിക്കുമെന്നും മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത് ജനങ്ങളുടെ അഭിപ്രായം കേള്‍ക്കാതെയും ചര്‍ച്ചകളില്ലാതെയുമാണ്. പ്രത്യേക പദവി റദ്ദാക്കിയിട്ട് ഇതുവരെ ഗുണപരമായ മാറ്റമൊന്നും കശ്മീരിലുണ്ടായിട്ടില്ല. പ്രത്യേക പദവി എടുത്തുമാറ്റിയ കശ്മീര്‍ ശാന്തമല്ല.

ജനതയുടെ ഉള്ളില്‍ അണയാത്ത പ്രതിഷേധമുണ്ട്. കരിനിയമങ്ങളടക്കം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി നിര്‍ത്തിയതിനാലാണ് വലിയ പ്രക്ഷോഭം ഉണ്ടാവാത്തത്. മനസ്സിലെ പ്രതിഷേധം ഒരുനാളില്‍ വലിയ പ്രക്ഷോഭമാവുമെന്നും അദ്ദേഹം പറഞ്ഞു.