പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ബെംഗളുരുവിലെ മുനിസിപ്പല്‍ വാര്‍ഡ് അടച്ചുപൂട്ടി

ബെംഗളുരുവില്‍ പത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഒരു മുനിസിപ്പല്‍ വാര്‍ഡ് അടച്ചുപൂട്ടി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.  1000 കണക്കിന് പേർ താമസിക്കുന്ന നഗരത്തിന്‍റെ തെക്ക് കിഴക്കന്‍ ഭാഗമായ ഹോംഗസാന്ദ്രയിലാണ് രോഗബാധയുണ്ടായത്.

നഗരത്തിലെ മെട്രോ റെയില്‍ പദ്ധതിയില്‍ ജോലി ചെയ്യുന്നവരാണ് ഇവിടെ താമസിക്കുന്നവരില്‍ പലരും. “”ഈ പ്രദേശത്ത് താമസിക്കുന്ന മുഴുവന്‍ പേരെയും ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. 184 പേരാണ് ഈ പ്രദേശത്തു നിന്ന് ഇപ്പോള്‍ ക്വാറന്‍റൈനില്‍ ഉള്ളത്. “” – ഇവിടം സന്ദര്‍ശിച്ചതിന് ശേഷം  കര്‍ണാടകയിലെ വൈദ്യപഠന മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു.

ഹോംഗസാന്ദ്രയില്‍ നിന്ന് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് 54 വയസ്സുള്ളയാള്‍ക്കാണ്. ഇയാള്‍ക്ക് ഒരാഴ്ചയായി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒപ്പമുണ്ടായിരുന്നവര്‍ ശ്രദ്ധിച്ചില്ല. ശ്വാസസംബന്ധമായ പ്രശ്നത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് കണ്ടെത്തുകയായിരുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

ഇയാള്‍ക്ക് എങ്ങനെയാണ് അസുഖം ബാധിച്ചതെന്ന് വ്യക്തമല്ല. ലോക്ഡൗണ്‍ ആരംഭിച്ചതോടെ ഇയാള്‍ ഭക്ഷണം പാകം ചെയ്യാനും ആളുകള്‍ക്ക് വിതരണം ചെയ്യാനും തുടങ്ങിയിരുന്നു. ഇതുവഴി ധാരാളം പേരുമായി ഇടപഴകിയിട്ടുണ്ട്. ഭക്ഷണം ഓട്ടോറിക്ഷയിലാണ് കൊണ്ടു പോയിരുന്നത്. ഡ്രൈവറും ഭാര്യയും മകനും ഇപ്പോള്‍ ക്വാറന്‍റൈനില്‍ ആണ്. കര്‍ണാടകയില്‍ 445 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 17 പേര്‍ മരിക്കുകയും 145 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.