നാഗാലാൻഡിൽ അഫ്‌സ്പ പിൻവലിക്കുന്നത് പരിശോധിക്കാൻ സമിതി രൂപീകരിക്കും

നാഗാലാൻഡിൽ സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന നിയമം AFSPA പിൻവലിക്കുന്നത് പരിശോധിക്കാൻ ഒരു സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി നെയ്ഫിയു റിയോ ഇന്ന് ഉച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു.

ഈ മാസം ആദ്യം മോൺ ജില്ലയിൽ സൈന്യം നടത്തിയ ആക്രമണത്തിലും ഇതിന് പ്രതികാരമായി നടന്ന അക്രമത്തിലും 14 സിവിലിയന്മാർ കൊല്ലപ്പെട്ടതിനെ തുടർന്ന് സൈന്യത്തിന് വിപുലമായ അധികാരങ്ങൾ നൽകുന്ന നിയമം പിൻവലിക്കണമെന്ന ആവശ്യം സംസ്ഥാനത്ത് ഉയർന്നിരുന്നു. സംസ്ഥാന തലസ്ഥാനമായ കൊഹിമയിൽ ഉൾപ്പെടെ സംസ്ഥാനത്തുടനീളം പ്രതിഷേധ മാർച്ചുകൾ നടന്നു.

“2021 ഡിസംബർ’ 23-ന് ന്യൂ ഡൽഹിയിൽ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചു. വിഷയം അതീവ ഗൗരവത്തോടെ ഏറ്റെടുത്തതിന് അമിത് ഷായോട് നന്ദിയുണ്ട്. എല്ലാ വിഭാഗങ്ങളും സമാധാനപരമായ അന്തരീക്ഷം നിലനിർത്തുന്നത് തുടരണമെന്ന് സംസ്ഥാന സർക്കാർ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ,” നെയ്ഫിയു റിയോ ട്വീറ്റ് ചെയ്തു.

അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ഹിമന്ത ബിശ്വ ശർമ്മയും പങ്കെടുത്ത യോഗത്തിൽ, സമിതിയിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും സംസ്ഥാന പൊലീസും ഉൾപ്പെടുമെന്നും തീരുമാനിച്ചു. സമിതി 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും, അഫ്‌സ്പ പിൻവലിക്കുന്നത് അതിന്റെ ശിപാർശകളുടെ അടിസ്ഥാനത്തിലായിരിക്കും.

ഓട്ടിങ്ങ് സംഭവത്തിൽ ഉൾപ്പെട്ട സൈനിക യൂണിറ്റിനും ഉദ്യോഗസ്ഥർക്കും എതിരെ ഒരു കോടതി അച്ചടക്ക നടപടികൾ ആരംഭിക്കുമെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. “അന്വേഷണം നേരിടേണ്ടിവരുന്ന തിരിച്ചറിഞ്ഞ വ്യക്തികളെ ഉടൻ സസ്പെൻഡ് ചെയ്യും,” പ്രസ്താവനയിൽ പറയുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലി നൽകുമെന്നും സംസ്ഥാനം കൂട്ടിച്ചേർത്തു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന്, പ്രത്യേകിച്ച് സംസ്ഥാനത്ത് നിന്ന് അഫ്‌സ്‌പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് അസംബ്ലി കഴിഞ്ഞയാഴ്ച ഏകകണ്ഠമായി തീരുമാനമെടുത്തു. പ്രത്യേക സമ്മേളനത്തിൽ പ്രമേയം പാസാക്കുന്നതിന് റിയോ നേതൃത്വം നൽകി.

“നാഗാലാൻഡും നാഗാ ജനതയും എല്ലായ്‌പ്പോഴും അഫ്‌സ്‌പയെ എതിർത്തിട്ടുണ്ട്. ഇത് റദ്ദാക്കണം,” അക്രമം നടന്ന് ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അഫ്‌സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന സംസ്ഥാനം നാഗാലാൻഡ് മാത്രമല്ല. ഓട്ടിങ്ങ് സംഭവത്തിന് ശേഷം, എൻ.ഡി.എ സംഖ്യമായ നാഷണൽ പീപ്പിൾസ് പാർട്ടിയുടെ നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാംഗ്മയും അഫ്‌സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു, അഫ്‌സ്പ പ്രതിലോമകരമാണെന്നും അത് “കൂടുതൽ അശാന്തിക്ക്” കാരണമായെന്നും അദ്ദേഹം പറഞ്ഞു.