യു.കെയിൽ നിന്ന് ഡൽഹിയിൽ എത്തുന്ന യാത്രക്കാർക്ക് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

 

യു.കെയിൽ നിന്ന് ഡൽഹിയിൽ എത്തുന്ന യാത്രക്കാർക്ക് ഹോം ക്വാറന്റൈന് മുമ്പായി ഏഴ് ദിവസത്തെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിർബന്ധമാക്കി ഡൽഹി സർക്കാർ. പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെങ്കിലും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിൽ പോകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

രണ്ടാഴ്ചത്തെ വിലക്കിന് ശേഷം ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾ ഇന്ന് പുനരാരംഭിച്ചിരുന്നു. ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസ് അതിവേഗം പടരുന്നതിനെ കുക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് യു.കെയിൽ നിന്നുള്ള ഒരു എയർ ഇന്ത്യ വിമാനം ഇന്ന് രാവിലെ 250- ഓളം യാത്രക്കാരുമായി ഡൽഹിയിൽ എത്തിയത്.

പുതിയ കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് ഡിസംബർ 23- ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ സർക്കാർ നിർത്തിവെച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, സ്പെയിൻ, ജർമ്മനി എന്നിവ വിലക്ക് നീട്ടിയിരിക്കുകയാണ്.

യു.കെയിൽ നിന്നും ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസ് ബാധിച്ച 82 കേസുകൾ ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.