'എന്നെ വിഡ്ഢിയാക്കി': സീറ്റ് നിഷേധിച്ചതിൽ കരഞ്ഞ് ബി.എസ്.പി പ്രവർത്തകൻ

 

വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വം തനിക്ക് സീറ്റ് നിഷേധിച്ചുവെന്നാരോപിച്ച് വാവിട്ട് കരഞ്ഞ് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) പ്രവർത്തകൻ അർഷാദ് റാണ. പാർട്ടി നേതാക്കൾ തന്നെ വിഡ്ഢിയാക്കുകയായിരുന്നു എന്ന് റാണ പറഞ്ഞു.

ബിഎസ്പി പാർട്ടി നേതാക്കൾ ടിക്കറ്റ് വാഗ്ദാനം ചെയ്തെങ്കിലും പിന്നീട് മറ്റൊരാൾക്ക് ടിക്കറ്റ് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. താൻ 24 വർഷമായി പ്രവർത്തിക്കുന്നുണ്ടെന്നും 2022 ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ചാർത്തവാലിൽ നിന്നുള്ള സ്ഥാനാർത്ഥിയായി 2018 ൽ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചതാണെന്നും റാണ അവകാശപ്പെട്ടു.

പാർട്ടി നേതാക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ കൃത്യമായ പ്രതികരണം ലഭിച്ചിട്ടില്ലെന്ന് റാണ ആരോപിച്ചു. “എന്നോട് 50 ലക്ഷം രൂപ സംഘടിപ്പിക്കാൻ പറഞ്ഞിഞ്ഞിരുന്നു, ഞാൻ ഇതിനകം 4.5 ലക്ഷം രൂപ നൽകി,” റാണ പറഞ്ഞതായി വാർത്ത ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിലേക്ക് മുൻ കോൺഗ്രസുകാരനായ ഇമ്രാൻ മസൂദിന്റെ സഹോദരൻ ഉൾപ്പെടെ രണ്ട് സ്ഥാനാർത്ഥികളെ ബിഎസ്പി അധ്യക്ഷ മായാവതി വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ബിഎസ്പി നേതാവ് സൽമാൻ സയീദിനെ ചാർത്തവാലിൽ നിന്നും നൊമാൻ മസൂദിനെ ഗംഗോ നിയമസഭാ മണ്ഡലത്തിൽ നിന്നും പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.

“ഉത്തർപ്രദേശ് മുൻ ആഭ്യന്തരമന്ത്രി സെയ്ദുസ്സമാന്റെ മകൻ സൽമാൻ സയീദ് ജനുവരി 12 ന് ബിഎസ്പി പ്രസിഡന്റിനെ കാണുകയും കോൺഗ്രസ് വിട്ട് ബിഎസ്പിയിൽ ചേരുകയും ചെയ്തു. ചാർത്തവാലിൽ നിന്ന് ബിഎസ്പി സ്ഥാനാർത്ഥിയായി സയീദിനെ നിർത്തി,” മായാവതി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

ഫെബ്രുവരി 10 നും മാർച്ച് 7 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.