ഒരു മണിക്കൂറില്‍ തെരുവ് നായയുടെ കടിയേറ്റ 29 പേര്‍ ചികിത്സയില്‍; പരിക്കേറ്റവരില്‍ പത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും

ചെന്നൈയില്‍ 29 പേരെ കടിച്ച തെരുവ് നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഒരു മണിക്കൂറിനിടയിലാണ് നായ 29 പേരെ കടിച്ചത്. ചെന്നൈ റോയാപുരത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. റോഡിന്റെ വശത്ത് ശാന്തനായി കിടന്ന നായ പെട്ടെന്ന് ജനങ്ങളെ ആക്രമിക്കുകയായിരുന്നു. തിരക്കേറിയ റോഡിലൂടെ കടന്നുപോയവരെയെല്ലാം നായ കടിച്ചു.

ഇതേ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി നായയെ തല്ലിക്കൊല്ലുകയായിരുന്നു. കടിയേറ്റവരില്‍ 24 പേരുടെ പരിക്ക് ഗുരുതരമാണ്. നായ ആക്രമിച്ചതില്‍ പത്ത് പേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ സമീപത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നായ ഏറെ പേരെയും കാലിലാണ് കടിച്ചത്.

അതേ സമയം ചിലരെ നായ കടിച്ച് കുടയാനും ശ്രമിച്ചിട്ടുണ്ട്. നാട്ടുകാര്‍ തല്ലിക്കൊന്ന നായയെ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയിട്ടുണ്ട്. വളരെ പെട്ടെന്ന് അക്രമാസക്തനായി ഇത്രയേറെ പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധയുണ്ടെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ സംശയം.