ഇരുപത്തഞ്ചുകാരിയായ ചന്ദ്രാനി ഇനി ലോക്‌സഭയിലെ പ്രായം കുറഞ്ഞ എംപി

17ാം ലോക്സഭയിലെ കുട്ടി എംപിയാണ് ചന്ദ്രാനി മുര്‍മു. 25 വയസാണ് ചന്ദ്രാനിയുടെ പ്രായം. എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ് ചന്ദ്രാനി.

ഒഡീഷയിലെ കിയോജ്ഞരില്‍ ബിജെഡി സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് എംപി കുപ്പായമണിഞ്ഞ് ചന്ദ്രാനി ലോക്‌സഭയിലേക്കെത്തുന്നത്‌. മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനത്തിനു ശേഷം ജോലിക്കായുള്ള അന്വേഷണത്തിനിടെയാണ് ചന്ദ്രാനിയ്ക്ക് സ്ഥാനാര്‍ഥി ടിക്കറ്റ് ലഭിക്കുന്നത്.

രാഷ്ട്രീയത്തില്‍ പിച്ചവെക്കുകയാണെങ്കിലും ചന്ദ്രാനിയെ ഇരുകൈയും നീട്ടി ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് ഈ ജയം. രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ബിജെപി സ്ഥാനാര്‍ഥി അനന്ത നായിക്കിനെ 66,203 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് ചന്ദ്രാനി മുര്‍മു ലോക്സഭയിലേക്ക് എത്തുന്നത്്.

ആദിവാസി ഭൂരിപക്ഷ പ്രദേശമാണ് കിയോജ്ഞര്‍. അവരുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണന കൊടുക്കാനാണ് ചന്ദ്രാനിയുടെ തീരുമാനം. മാത്രമല്ല, സ്ത്രീകളും യുവാക്കളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍കൂടി ലോക്സഭയില്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന സ്വപ്‌നം കൂടി ഉണ്ട് ഈ കുട്ടി എംപിക്ക്. യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുകയെന്നതും ചന്ദ്രാനിയെ ലക്ഷ്യങ്ങളിലൊന്നാണ്‌. വാഗ്ദാനങ്ങള്‍ക്കല്ല, പകരം നടപ്പാകുന്ന പദ്ധതികളില്‍ ഊന്നല്‍ കൊടുക്കാനാണ് ചന്ദ്രാനിയുടെ തീരുമാനം.