തട്ടിക്കൊണ്ടുപോകൽ ശ്രമം പരാജയപ്പെട്ടു, ഹരിയാനയിൽ 21-കാരിയെ വെടിവെച്ചു കൊന്നു

ഹരിയാനയിലെ ഫരീദാബാദ് ജില്ലയിൽ തിങ്കളാഴ്ച 21- കാരിയെ വെടിവെച്ച് കൊന്നു. തട്ടിക്കൊണ്ടുപോകൽ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പട്ടാപ്പകൽ ആയിരുന്നു കൊലപാതകം.

ഫരീദാബാദിലെ ബല്ലബ്ഗറിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് നികിത തോമർ എന്ന യുവതിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കവേ ആണ് സംഭവം. തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം യുവതി എതിർത്തപ്പോൾ പ്രതികളിലൊരാൾ റിവോൾവർ പുറത്തെടുത്ത് വെടി ഉതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ക്രൂരമായ കൊലപാതകം പരിസരത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

കൊലപാതകത്തിൽ പങ്കാളികളെന്ന് ആരോപിക്കപ്പെടുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതി തൗസിഫ് എന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഹരിയാനയിലെ നൂഹിൽ താമസിക്കുന്ന റെഹാനാണ് രണ്ടാം പ്രതി.

അതേസമയം, 21- കാരിയെ കൊലപ്പെടുത്തിയതിന് പിന്നിൽ “ലവ് ജിഹാദ്” ആണെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഇതിന് മുമ്പ് യുവതിയെ കോളജിന് പുറത്ത് വെച്ച് പ്രതി ആക്രമിച്ചിരുന്നു എന്ന് കുടുംബം അവകാശപ്പെട്ടു. മറ്റ് പ്രതികൾ അയാളുടെ കൂട്ടാളികളാണ്. യുവതിയുടെ കൊലപാതകത്തിൽ നഗരത്തിലുടനീളം പ്രതിഷേധം രൂക്ഷമായിട്ടുണ്ട്.

പ്രധാന പ്രതികൾക്കെതിരെ 2018- ൽ കുടുംബം കേസ് ഫയൽ ചെയ്തിരുന്നുവെങ്കിലും വിഷയം പിന്നീട് ഒത്തുതീർപ്പ് ആക്കിയിരുന്നതായി യുവതിയുടെ ബന്ധു പറഞ്ഞു. “2018- ൽ നികിതയുടെ കുടുംബം തൗസിഫിനെതിരെ തട്ടിക്കൊണ്ടുപോകൽ കേസ് ഫയൽ ചെയ്തെങ്കിലും നടപടിയെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കുടുംബം പിന്നീട് പറഞ്ഞു. പ്രതി തൗസിഫിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്,” ഹരിയാന പൊലീസ് കമ്മീഷണർ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.