ഗർബ നൃത്തത്തിനിടെ ഹൃദയാഘാതം; ഗുജറാത്തിൽ 24 മണിക്കൂറിനിടെ മരിച്ചത് കൗമാരക്കാരുൾപ്പെടെ 10 പേർ

നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ ഗുജറാത്തിൽ 10 പേർ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് 24 മണിക്കൂറിനിടെ ഗുജറാത്തിന്റെ പല ഭാഗങ്ങളിലായി മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ ബറോഡയില്‍ നിന്നുള്ള പതിമൂന്ന് വയസുകാരനും കപടവജിൽനിന്നുള്ള പതിനേഴുകാരനും ഉൾപ്പെടുന്നു.

നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറു ദിവസങ്ങളില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് നമ്പറായ 108 ലേക്ക് 521 കോളുകളാണ് എത്തിയത്. ശ്വാസതടസ പ്രശ്നങ്ങൾ പറഞ്ഞ് 609 കോളുകളും എത്തി. ഗർബ ആഘോഷങ്ങൾ സാധാരണയായി നടക്കുന്ന വൈകുന്നേരം ആറിനും പുലര്‍ച്ചെ രണ്ടിനും ഇടയിലാണ് ഈ കോളുകള്‍ എത്തിയതെന്നാണ് റിപ്പോർട്ട്.

ഗര്‍ബ നൃത്തത്തിന് ഇടയില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതോടെ സംസ്ഥാന സര്‍ക്കാർ ജാഗ്രതയിലായി. ഗര്‍ബ ആഘോഷം നടക്കുന്നതിന് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളോട് അടിയന്തര സാഹചര്യം നേരിടാന്‍ തയാറായിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Read more

ഗര്‍ബ ആഘോഷങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ ഡോക്ടര്‍മാരുടേയും ആംബുലന്‍സിന്റേയും സേവനം ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവരാത്രി ആഘോഷങ്ങൾക്ക് മുൻപ് ഈ വർഷം ഗുജറാത്തിൽ ഗർബ നൃത്തം പരിശീലിക്കുന്നതിനിടെ മൂന്നു പേർ മരിച്ചിരുന്നു.