ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്: മഞ്ജു വാര്യർ

മലയാളത്തിന്റെ പ്രിയതാരമാണ് മഞ്ജു വാര്യർ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത മഞ്ജു ഇപ്പോൾ സിനിമകളിൽ സജീവ സാന്നിധ്യമാണ്.

ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളെ കുറിച്ചും സംസാരിക്കുകയാണ് താരം. മോഹൻലാലിന്റെ കൂടെ ഇനിയും സിനിമകൾ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നാണ് മഞ്ജു വാര്യർ പറയുന്നത്. ഫീമെയിൽ ഓറിയന്റഡ് സിനിമകൾ അല്ലെങ്കിൽ പോലും മോഹൻലാൽ സിനിമകളിൽ തന്റെ കഥാപാത്രത്തിന് കൃത്യമായ സ്ഥാനമുണ്ടാവുമെന്നാണ് മഞ്ജു വാര്യർ പറയുന്നത്.

“അങ്ങനെ ഏതെങ്കിലും നല്ല പടം വരട്ടെയെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. ലാലേട്ടന്റെ കൂടെയൊക്കെ അഭിനയിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. നല്ല സിനിമകൾ ചെയ്യാൻ പറ്റിയിട്ടുണ്ട് ലാലേട്ടൻ്റെ കൂടെ. എല്ലാവരും വിചാരിക്കുന്നത് ഒരുപാട് സിനിമകൾ ഞങ്ങൾ ഒന്നിച്ച്‌ ചെയ്‌തിട്ടുണ്ടെന്നാണ്.

എന്നാൽ ഇത്രയും കാലത്തിനിടയ്ക്ക് ഏഴോ എട്ടോ സിനിമകൾ മാത്രമേ ഞങ്ങൾ ഒന്നിച്ച് ചെയ്‌തിട്ടുള്ളൂ. ആറാം തമ്പുരാൻ തൊട്ട് ഇങ്ങോട്ട് എടുത്ത് നോക്കിയാലും വളരെ കുറച്ചെണ്ണമേയുള്ളൂ. ആ കഥാപാത്രങ്ങൾ നല്ലതായത് കൊണ്ടും സിനിമകൾ നല്ലതായത് കൊണ്ടുമാണ് അങ്ങനെ സ്വീകരിക്കപ്പെട്ടത്.

ലൂസിഫറിലും എനിക്ക് നല്ലൊരു വേഷമാണ് കിട്ടിയത്. ഫീമെയിൽ ഓറിയന്റ് സിനിമയല്ലാഞ്ഞിട്ട് പോലും എനിക്ക് കിട്ടിയ കഥാപാത്രങ്ങൾക്ക് അതിന്റെതായ ഒരു സ്ഥാനം ഉണ്ടായിരുന്നു. അതിനുദാഹരണമാണ് ലൂസിഫറൊക്കെ. ലാലേട്ടന്റെ കൂടെ സിനിമകൾ വരാൻ ഞാനും ആഗ്രഹിക്കുന്നുണ്ട്.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞത്.