കാള വാലുപൊക്കുന്നത് എന്തിനാണെന്ന് കണ്ടാലറിയാം; തരൂര്‍ ഇടതുപക്ഷത്തേക്ക് പോകാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഇടതുപക്ഷത്തേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ശശി തരൂര്‍ മറുകണ്ടം ചാടാന്‍ തയ്യാറായി നില്‍ക്കുകയാണ്. കാള വാലുപൊക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിലേക്ക് ചാടാനാണ് തരൂര്‍ ശ്രമിക്കുന്നത്. സി പി ഐ എം അണികളുടെ വോട്ട് കിട്ടാന്‍ വേണ്ടിയിട്ടുള്ള ചാട്ടമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സില്‍വര്‍ലൈന്‍ വിഷയത്തില്‍ സുരേന്ദ്രന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു മുഖ്യമന്ത്രി ഭീഷണിപ്പെടുത്തികൊണ്ട് കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ ശ്രമിക്കുന്നത് നല്ലതിനല്ല. ശബരിമല വിഷയത്തിലെ അനുഭവം തന്നെയാകും സര്‍ക്കാരിന് ഇവിടെയും ഉണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ സര്‍ക്കാരിന് എതിരായ സാഹചര്യത്തില്‍ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പദ്ധതിയ്ക്ക് കല്ലിടാനുള്ള സര്‍ക്കാരിന്റെ ഏത് നീക്കത്തെയും അതിശക്തമായ ചെറുത്ത് നില്‍പ്പിലൂടെ ജനങ്ങള്‍ തോല്‍പ്പിക്കും. ബിജെപി ജനങ്ങളുടെ താത്പര്യത്തിനൊപ്പമാണ്. എന്നാല്‍ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസുമായി വേദി പങ്കിടില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.