'ഗുണഭോക്തൃ പട്ടിക പരിശോധിക്കാതെ സ്ത്രീസുരക്ഷ പദ്ധതിയുമായി മുന്നോട്ടില്ല'; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

സ്ത്രീ സുരക്ഷാ പദ്ധതിയിൽ നിലപാടറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഗുണഭോക്തൃ പട്ടിക പരിശോധിക്കാതെ സ്ത്രീസുരക്ഷ പദ്ധതിയുമായി മുന്നോട്ടില്ല എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ അവസാന മാസത്തില്‍ പദ്ധതി കൊണ്ടുവന്നത് സ്ത്രീകളെ പറ്റിക്കാന്‍ ആണെന്നും തോന്നും പടിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഗുണഭോക്തൃ പട്ടിക സംബന്ധിച്ച് പരാതിയുണ്ടെന്നും മറ്റ് പെന്‍ഷന്‍ വാങ്ങുന്നവരാണോ എന്ന് പോലും പരിശോധിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ കെ സ്മാര്‍ട്ട് പരിശോധനയ്ക്ക് ശേഷമാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയതെന്നും പദ്ധതി അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

Read more

വീട്ടമ്മമാരായ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ പെന്‍ഷന്‍ നല്‍കുന്ന ശ്രീ സുരക്ഷാ പദ്ധതി മൂന്നുമാസമായി മുടങ്ങിക്കിടക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും തെറ്റുണ്ടെങ്കില്‍ തിരുത്താതെ പദ്ധതിയാകെ നിര്‍ത്തുന്നത് ശരിയല്ലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.