രാഷ്ട്രീയപ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകൾക്ക് വിരാമം; രാഷ്ട്രീയത്തിലേക്കില്ലെന്ന് സൂര്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരും

തമിഴ് സൂപ്പര്‍താരം സൂര്യയുടെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകൾ പുരോഗമിക്കുന്നതിനിടെ നിർണായക തീരുമാനം പ്രഖ്യാപിച്ച് താരം. രാഷ്ട്രീയ പ്രവേശന റിപ്പോർട്ടുകൾ തള്ളി സൂര്യ വാർത്താക്കുറിപ്പ് പുറത്തിറക്കി. രാഷ്ട്രീയത്തിലേക്കില്ലെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും സൂര്യ അറിയിച്ചു.

ആരാധകകൂട്ടായ്മ യോഗത്തിൽ ഭാരവാഹിയുടെ പ്രതികരണം ചർച്ച ആയതിനു പിന്നാലെയാണ് സൂര്യ ഔദ്യോഗികമായി വിശദീകരണം നൽകിയത്. എന്നാൽ ആരാധക സംഘടനയുടെ യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ണായക പരാമര്‍ശങ്ങൾ തമിഴ്നാട്ടിൽ പുതിയ അഭ്യൂഹങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. യോഗത്തില്‍ പങ്കെടുത്ത ഭാരവാഹികളും ഈ പ്രസ്താവനയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയുണ്ടായി.

Read more

ഇതിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും വൈറലായതോടെ വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക് എന്ന ചർച്ച ഉയ‍ർന്നത്. ഇതോടെയാണ് താരം തന്നെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. ‘കാലവും സമയവും ആയാൽ സൂര്യയെ തടയാനാകില്ലെന്നും സാഹചര്യം അനുകൂലം ആകുമ്പോൾ സൂര്യ നയിക്കു’മെന്ന് ആയിരുന്നു സൂര്യ ഫാൻസ് അസോസിയേഷൻ ഭാരവാഹിയുടെ പ്രസംഗം. പിന്നീട് ഇത് ഔദ്യോഗിക നിലപാട് അല്ലെന്ന് സൂര്യ ആരാധക കൂട്ടായ്മ വ്യക്തമാക്കിയിരുന്നു.