മാലിന്യം തള്ളുന്നത് തടഞ്ഞു; കൊച്ചിയില്‍ വനിതാ കൗണ്‍സിലര്‍ക്ക് നേരെ ആക്രമണം, തലയ്ക്ക് അടിയേറ്റു

കൊച്ചിയില്‍ മാലിന്യം തള്ളുന്നത് തടഞ്ഞ വനിതാ കൗണ്‍സിലര്‍ക്ക് നേരെ ആക്രമണം. കുന്നുപുറം ഡിവിഷന്‍ കൗണ്‍സിലര്‍ അംബികയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. അംബികയുടെ  തലയ്ക്ക് അടിയേറ്റു. മാലിന്യം തള്ളാനെത്തിയ സ്ത്രീയുടെ സഹോദരനാണ് ആക്രമിച്ചതെന്ന് അംബിക പറഞ്ഞു.

മാലിന്യം തള്ളിയത് ചോദ്യം ചെയ്ത കടവന്ത്ര കൗണ്‍സിലറുടെ ഭര്‍ത്താവിനെ കഴിഞ്ഞദിവസം കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കൗണ്‍സിലര്‍ സുജാ ലോനപ്പന്റെ ഭര്‍ത്താവ് സി.വി ലോനപ്പന് നേരേയാണ് വധശ്രമമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തിന് കാറിടിച്ച് കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് മറ്റൊരു കൗണ്‍സിലര്‍ക്ക് നേരേയും ആക്രമണമുണ്ടായെന്ന വിവരവും പുറത്തു വരുന്നത്.

അതേസമയം, കൗണ്‍സിലര്‍മാര്‍ക്കെതിരായ ആക്രമണങ്ങളില്‍ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ ആവശ്യപ്പെട്ടു. മാലിന്യം തള്ളുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്നും ഇടപ്പള്ളി ദേശീയപാതയില്‍ കക്കൂസ് മാലിന്യം തള്ളുന്നത് ക്രിമിനല്‍ സംഘങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.