കാട്ടുപന്നികളെ വെടിവെയ്ക്കാം; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി

ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തോക്ക് ലൈന്‍സുള്ളവര്‍ക്കും പൊലീസുകാര്‍ക്കും പന്നിയെ വെടിവയ്ക്കാം. കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് തീരുമാനം.

കാട്ടുപന്നി ശല്യം തടയുന്നതിന് നിവലിലെ വ്യവസ്ഥ പ്രകാരമുള്ള നടപടികള്‍ അപര്യാപ്തമാണ്. ഇതേ തുടര്‍ന്നാണ് മാറ്റം വരുത്തിയിരിക്കുന്നത്. പന്നിയെ വെടിവയ്ക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള അധികാരം നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. ഈ അധികാരമാണ് തദ്ദേശ ഭരണ സമിതികളിലേക്ക് എത്തുന്നത്. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി നല്‍കും. ഓരോ പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് പന്നിയെ വെടിവെച്ചിടാന്‍ ഉത്തരവിടാം.

പന്നിയെ വെടിവെച്ച് കൊന്നതിന് ശേഷം ശാസ്ത്രീയമായി സംസ്‌കരിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പന്നികളെ കുരുക്കിട്ടു പിടിക്കാനും അനുമതിയുണ്ട്. എന്നാല്‍ വിഷപ്രയോഗം, ഷോക്കടിപ്പിക്കല്‍ എന്നിവ പാടില്ലെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ മൂന്നില്‍ പെടുന്ന വന്യജീവിയാണ് കാട്ടുപന്നി. സംസ്ഥാനത്തെ മലയോര മേഖലകളിലെ കൃഷിയിടങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഇത്തരം സ്ഥലങ്ങളില്‍ ഇവയെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിച്ച് കൊന്നൊടുക്കാനുളള അനുമതി കേന്ദ്രത്തോട് തേടിയിരുന്നെങ്കിലും തീരുമാനമൊന്നും ആയിട്ടില്ല.