നേര്യമംഗലത്തെ കാട്ടാന ആക്രമണം; സമരം അടിച്ചമര്‍ത്തി പൊലീസ്; പിടിച്ചെടുത്ത മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

ഇടുക്കി നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ നടന്ന പ്രതിഷേധത്തിനിടെ മൃതദേഹം പിടിച്ചെടുത്ത് പൊലീസ്. മൃതദേഹത്തിന് മുകളില്‍ കിടന്ന് പ്രതിഷേധിച്ച ഇന്ദിരയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ നീക്കം ചെയ്താണ് പൊലീസ് മൃതദേഹം പിടിച്ചെടുത്തത്.

മൃതദേഹം സൂക്ഷിച്ച ഫ്രീസര്‍ റോഡിലൂടെ വലിച്ചിഴച്ച് ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേസമയം പൊലീസ് നടപടിയില്‍ പരിക്കേറ്റ ഇന്ദിരയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കോതമംഗലം ടൗണില്‍ കോണ്‍ഗ്രസ് നേതാക്കളായ മാത്യു കുഴല്‍നാടന്റെയും ഡിന്‍ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. മന്ത്രി നേരിട്ടെത്തി വന്യജീവികളുടെ ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കണമെന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെ കളക്ടര്‍ നേരിട്ടെത്തി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കളക്ടര്‍ ഇതിന് തയ്യാറായില്ല.

ഇന്ദിര ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിലായിരുന്നു കാട്ടനയുടെ ആക്രമണം. ഉടന്‍തന്നെ കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.