കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പത്തനംതിട്ടയില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു. ചെന്നപ്പാറ വീട്ടില്‍ അഭിലാഷ്(38) ആണ് മരിച്ചത്. തേനീച്ച ആക്രമണത്തില്‍ പരിക്കേറ്റ നാല് പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തണ്ണിത്തോട് മേടപ്പാറയില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. റബ്ബര്‍ പ്ലാന്റേഷനില്‍ ടാപ്പിങ്ങിനിടെ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കൂടിളകി വന്ന തേനീച്ചക്കൂട്ടം അഭിലാഷിനേയും കൂടെ ഉണ്ടായിരുന്ന നാല് തൊഴിലാളികളേയും ആക്രമിക്കുകയായിരുന്നു.

ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ അഭിലാഷിന് ആക്രമണത്തില്‍ ഗുരുതരമായി കുത്തേറ്റു. ഇദ്ദേഹത്തെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.