ആരോഗ്യ വകുപ്പില്‍ വ്യാപക പിന്‍വാതില്‍ നിയമനം ; ഗുരുതര ആരോപണവുമായി പി.കെ ഫിറോസ്

ആരോഗ്യ വകുപ്പില്‍ വ്യാപക പിന്‍വാതില്‍ നിയമനം നടക്കുന്നുവെന്ന ആരോപണവുമായി യൂത്ത് ലീഗ്. മലപ്പുറത്ത് മാത്രം 74 പാര്‍ട്ടി നിയമനങ്ങള്‍ നടന്നതായി പികെ ഫിറോസ് പറഞ്ഞു. ആയുര്‍വേദം , ഹോമിയോ വകുപ്പുകളില്‍ യാതൊരു മാനദണ്ഡവുമില്ലാതെയാണ് നിയമനങ്ങള്‍ നടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ബന്ധുക്കളെയും ഭാര്യമാരെയും ഇവിടേക്ക് നിയമിക്കുകയാണെന്നും ആയുഷ് മിഷന് കീഴിലുള്ള വിവിധ വകുപ്പുകളിലായി 900 പേരെ പിന്‍വാതില്‍ വഴി നിയമിച്ചെന്നും പികെ ഫിറോസ് ആരോപിച്ചു.

മുഴുവന്‍ നിയമനങ്ങളും സര്‍ക്കാര്‍ അന്വേഷിക്കണം. താത്കാലിക നിയമനങ്ങള്‍ അടക്കം റദ്ദാക്കി സമഗ്ര അന്വേഷണം നടത്തണം. ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ യൂത്ത് ലീഗ് ആരംഭിക്കും.

പാര്‍ട്ടി ഭാരവാഹികള്‍ക്ക് ശമ്പളം മാത്രമല്ല, ഭാര്യക്ക് സര്‍ ജോലിയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിന്‍വാതില്‍ നിയമനങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് വ്യക്തമാക്കിയ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ദേശീയ ആയുഷ് മിഷനടക്കം പരാതി നല്‍കുമെന്നും വ്യക്തമാക്കി.