'സൈക്കോ ഷമ്മി' എറണാകുളം മരടിലുണ്ട്; കളിക്കുന്നതിനിടെ അയല്‍വാസിയുടെ വീട്ടില്‍ പന്ത് വീണു; പത്ത് വയസുകാരന്റെ കാല് തല്ലിയൊടിച്ചു

എറണാകുളം മരടില്‍ പത്ത് വയസുകാരന്റെ കാല് അയല്‍വാസി തല്ലിയൊടിച്ചു. കളിക്കുന്നതിനിടെ അടുത്ത വീട്ടിലേക്ക് തെറിച്ചുപോയ പന്തെടുക്കാന്‍ പോയ കുട്ടിയെയാണ് അയല്‍വാസി ആക്രമിച്ചത്. ആക്രമണത്തില്‍ കുട്ടിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. പൂണിത്തുറ വളപ്പിക്കടവ് കോളനിയില്‍ ബ്ലായിത്തറയില്‍ അനില്‍കുമാറിന്റെ മകന്‍ നവീന്‍(10) ആണ് ആക്രമണത്തില്‍ പരിക്കേറ്റത്.

ചമ്പക്കര സെന്റ് ജോര്‍ജ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നവീന്‍. കഴിഞ്ഞ ദിവസം വൈകുന്നേരം 6ന് ആയിരുന്നു സംഭവം നടന്നത്. നവീന്‍ സുഹൃത്തുക്കളുമൊത്ത് വീടിന് സമീപത്തെ പറമ്പില്‍ ഫുട്‌ബോള്‍ കളിക്കുമ്പോഴായിരുന്നു പന്ത് സമീപത്തെ വീട്ടിലേക്ക് തെറിച്ചുപോയത്. പന്തെടുക്കാന്‍ പോയ നവീനെ വീട്ടുടമ പട്ടിക കൊണ്ട് കാലിനും മുതുകിലും മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി മാതാപിതാക്കളെ വിവരം അറിയിച്ചു. ഉടന്‍തന്നെ കുട്ടിയെ തൃപ്പൂണ്ണിത്തുറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ഇടത് കാലില്‍ രണ്ടിടത്തായി പൊട്ടലുണ്ട്. സംഭവത്തെ തുടര്‍ന്ന് അയല്‍വാസിയായ ദിവ്യദീപം വീട്ടില്‍ ബാലന്റെ പേരില്‍ കേസെടുത്തതായി മരട് പൊലീസ് അറിയിച്ചു.