മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുമ്പോൾ കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ത്? നിലപാട് അപലപനീയമെന്ന് സീതാറാം യെച്ചൂരി

മുഖ്യമന്ത്രിക്കെതിരെയുള്ള യുഡിഎഫ് നിലപാട് അപലപനീയമെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. എൽഡിഎഫിനെതിരായ നീക്കം ബിജെപിയെ സഹായിക്കാനാണെന്നും യെച്ചൂരി പറഞ്ഞു. പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.

കേരളത്തിലെ മുഖ്യമന്ത്രിയെ എന്ത് കൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനെതിരെയായിരുന്നു സിപിഎം ജനറൽ സെക്രട്ടറിയുടെ വിമർശനം. എന്താണ് ഇതിലൂടെ കേരളത്തിൽ യുഡിഎഫ് ലക്ഷ്യമിടുന്നതെന്ന് യെച്ചൂരി ചോദിച്ചു. എൽഡ‍ിഎഫിനെയാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ അത് ബിജെപിയെ സഹായിക്കുന്ന നിലപാടാണെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം നേരത്തെ ഇതിനെതിരെ വിമർശനവുമായി ഇടത് നേതാക്കൾ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തി. ‘നിങ്ങളുടെ മുത്തശ്ശിയാണ് ഞങ്ങളെ പിടിച്ച് ജയിലിൽ ഇട്ടതെന്നും അതുകൊണ്ട് ജയിലെന്ന് കേട്ടാൽ പേടിക്കുന്നവരല്ല ഞങ്ങൾ’ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നര വർഷമാണ് അവർ ഞങ്ങളെ ജയിലിൽ ഇട്ടത്. ചോദ്യം ചെയ്യൽ നേരിടാത്തവരല്ല ഞങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more

അതേസമയം രാഹുൽ ​ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ രംഗത്തെത്തി. സംഘപരിവാറിനൊപ്പമാണ് താനെന്ന് തെളിയിക്കുന്നതാണ് രാഹുൽ ​ഗാന്ധിയുടെ കണ്ണൂരിലെ പ്രസം​ഗമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ഇന്ത്യ മുന്നണിയെ പിന്നിൽ നിന്ന് കുത്തുന്ന സമീപനമാണ് രാഹുൽ ഗാന്ധി സ്വീകരിച്ചതെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.