ലീഗിന് എതിരെ കോൺഗ്രസ്- വെൽഫെയർ പാർട്ടി സഖ്യം; കരുവാരക്കുണ്ടിൽ ത്രികോണ മത്സരം

മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിൽ കോൺഗ്രസ്- വെൽഫെയർ പാർട്ടി സഖ്യം ചേർന്ന് മത്സരിക്കുന്നു. മുസ്‍ലിം ലീഗിനെതിരെയാണ് കോൺ​ഗ്രസ്- വെൽഫെയർ സഖ്യം. വെൽഫെയർ പാർട്ടിയുമായി ധാരണയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിക്കുമ്പോഴാണ് പഞ്ചായത്തിൽ സംഖ്യ സ്ഥാനാർത്ഥി മത്സരിക്കുന്നത്.  പഞ്ചായത്തിൽ യുഡിഎഫ് സംവിധാനം ഇല്ലാതായതോടെ രൂപപ്പെട്ട ത്രികോണ മത്സരത്തിനെ തുടർന്നാണ് വെൽഫെയർ പാർട്ടിയുമായി കോൺ​ഗ്രസ് നീക്കുപോക്ക്.

വെൽഫെയർ പാർട്ടിയുമായി ധാരണയില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ പറയുമ്പോഴും കോൺഗ്രസ് പാർട്ടി വെൽഫെയർ പാർട്ടിയെ ഒപ്പം കൂട്ടിയതിന്റെ ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണ് കരുവാരക്കുണ്ട്. പഞ്ചായത്തിൽ കോൺഗ്രസിന്റെ പ്രധാന പോരാട്ടം ലീഗിനെതിരെയാണ്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയാണ് മൂന്ന് വാർഡുകളിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പറയുന്നു.

മൂന്ന് വാർഡുകളിൽ കോൺഗ്രസിന്റെ സഹായം വാങ്ങുമ്പോൾ തിരിച്ച് 18 വാർഡുകളിൽ കോൺഗ്രസിനെ കൈയയച്ച് സഹായിക്കുമെന്നാണ് വെൽഫെയർ പാർട്ടിയുടെ പ്രഖ്യാപനം. എന്നാൽ വെൽഫെയർ പാർട്ടി സഖ്യം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും കോൺഗ്രസിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ലീ​ഗ് വിലയിരുത്തുന്നത്.