ബിജെപിക്ക് എതിരെ വിശാല മതേതര ഐക്യം വേണം; കോണ്‍ഗ്രസും മുന്നോട്ട് വരണം: യെച്ചൂരി

ബിജെപിക്കെതിരെ വിശാല മതേതര ഐക്യം വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തണം. ഇതിനായി കോണ്‍ഗ്രസും മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യച്ചൂരി.

മതേതരത്വത്തില്‍ വിട്ടുവീഴ്ചയുണ്ടാകാന്‍ പാടില്ല. സന്ദര്‍ഭത്തിന് അനുസരിച്ച് എല്ലാവരും ഉയരണം. വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചാ മനോഭാവം മറുചേരിയിലേക്ക് ആളൊഴുക്ക് ഉണ്ടാകാന്‍ കാരണമാകും. രാജ്യത്ത്് മോദിയുടെ ഏകാധിപത്യ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. മൗലികാവകാശങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. ബി ജെ പിയുടെ സാമ്പത്തിക നയം രാജ്യത്തെ തകര്‍ത്തു. സോഷ്യലിസ്റ്റ് സമ്പത്ത് വ്യവസ്ഥ മാത്രമാണ് ഇതിനൊക്കെ ബദല്‍ മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ സാമ്രാജ്യത്വം ചൈനയെ ഒറ്റപ്പെടുത്തുന്നു. അമേരിക്കയും റഷ്യയും തമ്മിലുള്ള ശത്രുതയ്ക്ക് ഇരയായത് ഉക്രൈനാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യ അമേരിക്കേയ്ക്ക് വിധേയപ്പെട്ടെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.

ഉക്രൈന്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയ്ക്ക് നിലപാടെടുക്കാന്‍ സാധിക്കാതിരുന്നത് അമേരിക്കന്‍ വിധേയത്വം കൊണ്ടാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം വിമര്‍ശിച്ചു.

കോവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.