'ആഞ്ഞു പിടിച്ചാല്‍ ആറ് മണ്ഡലങ്ങളില്‍ വിജയിക്കാം'; ജെ.പി നദ്ദയോട് സംസ്ഥാന നേതൃത്വം

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ബിജെപി ദേശിയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയോട് തിരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ പങ്കുവെച്ച് സംസ്ഥാന നേതൃത്വം. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആഞ്ഞു പിടിച്ചാല്‍ ആറ് മണ്ഡലങ്ങളില്‍ വിജയിക്കാന്‍ ആകുമെന്ന് സംസ്ഥാന നേതൃത്വം നദ്ദയെ അറിയിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട്, വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തികഞ്ഞ വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങള്‍.

കേരളത്തില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടാകാത്തതില്‍ പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര നേതാക്കള്‍ക്ക് വലിയ അതൃപ്കിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ദേശിയ അദ്ധ്യക്ഷന്‍ കേരളത്തില്‍ എത്തിയിരിക്കുന്നത്. എത്ര ശ്രമിച്ചിട്ടും രക്ഷപ്പെടാത്ത കേരളത്തിലെ പാര്‍ട്ടിയുടെ ദയനീവാസ്ഥ നേരിട്ടറിയാനാണ് ദേശീയ അധ്യക്ഷന്‍ തിരക്കിട്ട് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്.

അടുത്തിടെ കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് സംസ്ഥാന ഘടകത്തെ കുറിച്ച് കിട്ടിയതും നല്ല റിപ്പോര്‍ട്ടുകളല്ല. വിശ്വാസ്യതയുള്ള നേതൃത്വം ഇല്ലെന്നതാണ് പാര്‍ട്ടി നേരിടുന്ന പ്രധാനവെല്ലുവിളിയെന്നാണ് ഒരു വിഭാഗം പ്രധാനമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി കടുത്ത അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ കൂടിയാണ് നദ്ദയുടെ സന്ദര്‍ശനം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈയിലുണ്ടായിരുന്ന സീറ്റ് പോയി. എപ്ലസ് എന്ന വിലയിരുത്തിയ മണ്ഡലങ്ങളിലെ ജനപിന്തുണയും കുറയുന്നു. സംസ്ഥാന അധ്യക്ഷനും മകനും വിവാദങ്ങളില്‍പെട്ടു. കെ സുരേന്ദ്രന്റെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട് വെളിപ്പെട്ട വിവരങ്ങളിലും ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.