നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ നിർദേശവുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. കേരളത്തിലും തമിഴ്നാട്ടിലും മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് ബിജെപി വിലയിരുത്തൽ. ബംഗാളിൽ സർക്കാർ രൂപീകരിക്കാൻ കഴിയുന്ന അനുകൂല ഘടകങ്ങൾ ഉണ്ടെന്നാണ് ബിജെപി വിലയിരുത്തൽ.
എംപിമാർ അവരുടെ മണ്ഡലങ്ങളിലെ ബൂത്തുകൾ സന്ദർശിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രയത്നിക്കണമെന്നാണ് നിതിൻ നബീൻ അണികൾക്ക് നൽകിയിരിക്കുന്ന നിർദേശം. കേരളത്തിലും തമിഴ്നാട്ടിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന സാഹചര്യമെന്നും ദേശീയ അധ്യക്ഷൻ ആദ്യമായി വിളിച്ചുചേർത്ത യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. ഇന്നലെ ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷൻ ആദ്യമായി വിളിച്ചുചേർത്ത യോഗത്തിലാണ് സാഹചര്യങ്ങൾ അവലോകനം ചെയ്തത്.
ദിവസമായിരുന്നു ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്‌കരി, മുൻ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് നിതിൻ നബീൻ പാർട്ടി അധ്യക്ഷനായി ചുമതലയേറ്റത്. ബിജെപിയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനെന്ന നേട്ടവുമായാണ് 45കാരനായ നിതിൻ നബീൻ അധ്യക്ഷസ്ഥാനത്ത് എത്തിയത്.







