വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുപക്ഷം തയ്യാർ ; യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് ചാവേര്‍ സമരമെന്ന് എം.വി ഗോവിന്ദന്‍

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുപക്ഷം തയാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഏത് സാഹചര്യത്തിലും തെരഞ്ഞെടുപ്പിന് ഒരുക്കമാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ യൂത്ത് മകാണ്‍ഗ്രസ് നടത്തുന്നത് ചാവേര്‍ സമരമാണെന്നും അദേഹം കുറ്റപ്പെടുത്തി.

കീഴ്‌കോടതി വിധി ഏതെങ്കിലും മേല്‍കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ രാഹുല്‍ പ്രതിനിധീകരിക്കുന്ന വയനാട് സീറ്റില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. അങ്ങനെവന്നാല്‍, ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യമെന്ന ആവശ്യം ശക്തമാകുന്നതിനിടെ സംസ്ഥാനത്തെ ഇരുമുന്നണികള്‍ക്കും ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ വെല്ലുവിളിയാകും.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി വയനാട്ടില്‍ സ്ഥാനാര്‍ഥിയായ രാഹുല്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ദേശീയതലത്തില്‍ വിവാദമുയര്‍ത്തിയെങ്കിലും കേരളത്തില്‍ യു.ഡി.എഫിന് വലിയ നേട്ടമായി. സി.പി.ഐ സ്ഥാനാര്‍ഥി മത്സരിക്കുന്ന സീറ്റിലായിരുന്നു രാഹുലിന്റെ അങ്കം.

Read more

ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ കൈകോര്‍ക്കുന്ന കക്ഷികളില്‍ ഒന്നിന്റെ ദേശീയനേതാവ് ഇടത് സ്ഥാനാര്‍ഥിയോട് ഏറ്റുമുട്ടിയത് വിവാദമായി. ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ രാഹുല്‍ പ്രതിനിധീകരിച്ച സീറ്റില്‍ സമാന ഏറ്റുമുട്ടല്‍ ഉണ്ടാകുമോയെന്നാണ് നോക്കുന്നത്.