കല്‍പ്പറ്റ ഹെല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ എയര്‍ സ്ട്രിപ്; മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശ പ്രകാരം സ്ഥല പരിശോധന

വയനാട് എയര്‍ സ്ട്രിപിനായുള്ള സ്ഥല പരിശോധന ട്രാന്‍സ്പോര്‍ട് സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി. എം.ഡിയുമായ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ നടന്നു. പരിഗണനയിലുള്ള കല്‍പ്പറ്റ ഹെല്‍സ്റ്റണ്‍ എസ്റ്റേറ്റാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ദിനേശ് കുമാര്‍, എയര്‍പോര്‍ട്ട് ടെക്നിക്കല്‍ എക്സ്പേര്‍ട്ട് മോഹന്‍ ചന്ദ്രന്‍, റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുള്‍പ്പടുന്ന സംഘം പരിശോധിച്ചത്. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദര്‍ശനം. നിര്‍ദ്ദിഷ്ട സ്ഥലം പദ്ധതിക്ക് അനുയോജ്യമാണോ എന്ന പ്രാഥമിക പരിശോധനയാണ് നടത്തിയത്.

വയനാടിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം വയനാടിന്റെ വികസനത്തില്‍ നാഴികക്കല്ലാവുന്ന തരത്തിലൊരു പദ്ധതി ഏറെ നാളായി വയനാട് ജില്ലയുടെ ആവശ്യങ്ങളിലൊന്നാണ്. പദ്ധതി എങ്ങനെ നടപ്പാക്കണം, ഇതോടനുബന്ധിച്ച് നടപ്പാക്കുന്ന മറ്റ് വികസന പദ്ധതികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഉടന്‍ ചേരും.

കണ്ണൂര്‍ എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ദിനേശ് കുമാര്‍, എയര്‍പോര്‍ട്ട് ടെക്നിക്കല്‍ എക്സ്പേര്‍ട്ട് മോഹന്‍ ചന്ദ്രന്‍, എല്‍.എ. ഡെപ്യൂട്ടി കളക്ടര്‍ വി.അബൂബക്കര്‍, സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരിം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, വൈത്തിരി തഹസില്‍ദാര്‍ സജി, കല്‍പ്പറ്റ വില്ലേജ് ഓഫീസര്‍ ബാലന്‍, ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.