ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസ് ഒഴിയാന്‍ തയ്യാറായി വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ച ബിജെപിയുടെ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുമായി അടുത്തിടെ ഓഫിസിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സിപിഎം നേതാവും മുന്‍ മേയറുമായ പ്രശാന്തിന്റെ ഓഫീസ് മാറ്റ തീരുമാനം. മണ്ഡലത്തിലെ മരുതംകുഴിയിലേക്ക് ഓഫിസ് മാറാനാണ് തീരുമാനം.
ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ വാടകയ്ക്കു പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ നേരത്തേ ആവശ്യപ്പെട്ടു.് എന്നാല്‍ ഈ ആവശ്യം പ്രശാന്ത് നിരസിച്ചതോടെ ഓഫിസ് പ്രശ്‌നം രാഷ്ട്രീയ തര്‍ക്കമായി മാറി. ഇരു കൂട്ടരും ആരോപണപ്രത്യാരോപണങ്ങളിലേക്ക് കടന്നപ്പോള്‍ എംഎല്‍എ ഓഫീസ് വിഷയം വലിയ വാര്‍ത്തായിരുന്നു. കോണ്‍ഗ്രസിന്റെ കെ എസ് ശബരീനാഥനടക്കം വിഷയത്തില്‍ പ്രതികരണവുമായി വന്നതോടെ ഓഫീസ് കാര്യം വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കി. ഇതോടെയാണ് ഇനി തര്‍ക്കത്തിനും ചര്‍ച്ചയ്ക്കും ഇല്ലെന്നും ഓഫിസ് മാറാന്‍ തീരുമാനിച്ചെന്നും പ്രശാന്ത് മാധ്യമങ്ങളോടു വിശദീകരിച്ചത്.
”ദിനംപ്രതി നൂറുകണക്കിനു ആളുകള്‍ വരുന്ന ഇടമാണ് എംഎല്‍എ ഓഫിസെന്നും അതിനുപറ്റിയ സ്ഥലത്തേക്കാണ് മാറുന്നതെന്നും പ്രശാന്ത് പറഞ്ഞു. വിവാദങ്ങള്‍ക്ക് ഇനി സ്ഥാനമില്ല. വികസനത്തിനു വേണ്ടിയാണ് ജനം ഞങ്ങളെ തിരഞ്ഞെടുത്തത്. ഓഫിസില്‍ ജനം വരുന്നത് രാഷ്ട്രീയത്തിനല്ല. ഈ വിവാദങ്ങളെ വച്ചുകൊണ്ടു തനിക്കെതിരെ വ്യക്തിപരമായി അപവാദം പ്രചരിപ്പിക്കാന്‍ ശ്രമമുണ്ടായി. പുതിയ ഓഫിസിലേക്ക് മാറുന്ന തീയതി തീരുമാനിച്ചിട്ടില്ല”
Read more
ഓഫിസ് മാറ്റം വിവാദമായപ്പോള്‍ കൗണ്‍സിലറുടെ തിട്ടൂരം അനുസരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു എംഎല്‍എ ആദ്യം പറഞ്ഞത്. എന്നാല്‍ താന്‍ ഓഫിസ് മാറാന്‍ അഭ്യര്‍ഥിച്ചതു സൗഹൃദത്തിന്റെ പേരിലാണെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. അടുത്തിടെ ഓഫിസില്‍ എംഎല്‍എയുടെ ബോര്‍ഡിനു മുകളില്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലേഖയുടെ പേരെഴുതിയ ബോര്‍ഡ് സ്ഥാപിച്ചതും ചര്‍ച്ചയായിരുന്നു.







