വിഴിഞ്ഞം സമരം ഇന്ന് 26ാം ദിനത്തിലേക്ക്; മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം

വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് 26ാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. വെട്ടുകാട്, ചെറുവെട്ടുകാട്, സെന്റ് സേവ്യേഴ്‌സ്, വലിയതുറ, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം. റിലേ ഉപവാസ സമരവും തുടരുകയാണ്. ഇത് ആറ് ദിവസം പിന്നിട്ടു.

മൂന്ന് വൈദികരും മൂന്ന് അല്‍മായരുമാണ് ഇന്ന് ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നത്. സര്‍ക്കാരുമായുള്ള തുടര്‍ച്ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ സമരം വ്യാപിപ്പിക്കുന്നത് തീരുമാനിക്കാനായി ഇന്നലെ സമരസമിതി യോഗം ചേര്‍ന്നിരുന്നു. മൂലമ്പിള്ളിയും ചെല്ലാനവും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കും സമരം വ്യാപിപ്പിക്കാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം.

തിരുവോണനാളിലും വിഴിഞ്ഞം സമരം സജീവമായിയിരുന്നു. ഉപവാസം അനുഷ്ഠിച്ചാണ് ഇവര്‍ തിരുവോണനാളില്‍ സമരമുഖത്ത് തുടര്‍ന്നത്. ഒഴിഞ്ഞ വാഴയിലയ്ക്ക് മുന്നില്‍ നിരാഹാരമനുഷ്ഠിച്ച് സമരം നടത്തുകയായിരുന്നു.

പൂന്തുറയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് തിരുവോണനാളില്‍ സമരമിരുന്നത്. വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊല്ലം രൂപതയും കഴിഞ്ഞദിവസം പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു.