ഐ ഫോൺ വിവാദം:  വി​നോ​ദി​നി ബാ​ല​കൃ​ഷ്​​ണ​ൻ ഡി.ജി.പിക്ക് പരാതി നൽകി

വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ്​​മി​ഷ​ൻ കെ​ട്ടി​ട​നി​ർ​മാ​ണ ഉ​ട​മ സന്തോഷ് ഈപ്പൻ സമ്മാനിച്ച ഐ ഫോൺ ഉപയോഗിച്ചെന്ന പ്രചാരണത്തിനെതിരെ  സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഡി.ജി.പിക്ക് പരാതി നൽകി.  സ്വന്തം ഫോൺ നമ്പർ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്.

വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണക്കരാർ ലഭിച്ചതിന്റെ പ്രത്യുപകാരമായി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ അഞ്ചു ഐഫോണുകളിലൊന്നിൽ വിനോദിനിയുടെ പേരിലുള്ള സിംകാർഡ് ഉപയോഗിച്ചിരുന്നെന്നും ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയെന്നുമാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിനോദിനി ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​ക്ക്​ ന​ൽ​കി​യ പ​രാ​തി​ നൽകിയത്.

ഉപയോഗിക്കുന്ന ഫോൺ പണം കൊടുത്തു വാങ്ങിയതാണ്. ഇതിന്റെ ബില്ലും കൈവശമുണ്ട്. വാർത്തകളിൽ പറയുന്ന കോഡിലുള്ള ഫോൺ വീട്ടിൽ ആരുടേയും കൈവശമില്ല. കഴിഞ്ഞദിവസം മാധ്യമങ്ങളിൽ വന്ന വാർത്ത തന്റെ വ്യക്തിപരമായി അപമാനിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.

കസ്റ്റംസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. എന്നാൽ നോട്ടീസ് ലഭിക്കാത്തതിനാൽ അവരെ സമീപിക്കാനാകില്ല. തന്റെ പേരിൽ ഒരു സിം മാത്രമേയുള്ളൂ എന്നും ആ നമ്പറാണോ ഐ ഫോണിൽ ഉപയോഗിച്ചിട്ടുള്ളതെന്ന് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

തുടരന്വേഷണത്തിനായി പരാതി സൈബർ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.