സിനിമാ നിര്‍മ്മാണത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റോ? ഡബ്ല്യു.ജി.എന്‍ പ്രൊഡക്ഷന്‍സിന് എതിരെ അന്വേഷണം

കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ ലൈവില്‍ എത്തി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയ പേരാണ് വിജേഷ് പിള്ള. സ്വര്‍ണക്കടത്തും അനുബന്ധ കേസുകളും ഒത്തുതീര്‍ക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നിയോഗിച്ചയാളാണ് വിജേഷ് പിള്ള എന്ന വിജേഷ് കൊയിലേത്ത്.

കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡബ്ല്യുജിഎന്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമയായിരുന്നു വിജേഷ് പിള്ള എന്നാണ് പുറത്ത് വരുന്ന വിവരം. വിജേഷിനെതിരെ ഇഡി മുമ്പേ അന്വേഷണം ആരംഭിച്ചിരുന്നു. ഡബ്ല്യുജിഎന്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ മലയാള സിനിമാ നിര്‍മ്മാണത്തിനും വിജേഷ് പിള്ള ശ്രമിച്ചിരുന്നു.

സിനിമാ നിര്‍മ്മാണത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിന്റെ ഭാഗമാണോ എന്ന സംശയത്തില്‍ വിജേഷിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആയിരുന്നു ഇഡി അന്വേഷണം ആരംഭിച്ചത്. ആക്ഷന്‍ ഒ.ടി.ടി എന്ന ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് സ്ഥാപനം വിജേഷ് ആരംഭിച്ചിരുന്നു.

ബ്രോഡ്കാസ്റ്റിംഗ്, മീഡിയ പ്രൊഡക്ഷന്‍ കമ്പനിയായ ഡബ്ല്യുജിഎന്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റേതാണിത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തുടങ്ങുന്നതായി 2021 ജൂലൈ ആദ്യമായിരുന്നു കൊച്ചിയില്‍ പത്രസമ്മേളനം നടത്തി വിജേഷ് പ്രഖ്യാപിച്ചത്.

ആന്തൂര്‍ നഗരസഭയിലെ കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിന് അടുത്തായിരുന്നു വിജേഷിന്റെ താമസം. എം.വി ഗോവിന്ദന്റെ മൊറാഴയിലെ വീട്ടില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് വിജേഷിന്റെ കുടുംബ വീട്. കടമ്പേരിയിലെ വീട്ടില്‍ അച്ഛനും അമ്മയും മാത്രമാണ് ഇപ്പോഴുള്ളത്.

സിപിഎമ്മുമായോ എം.വി ഗോവിന്ദനുമായോ മകന് ബന്ധമില്ലെന്നു പിതാവ് ഗോവിന്ദന്‍ പറഞ്ഞു. സ്വപ്ന ഉന്നയിച്ച കാര്യങ്ങള്‍ വിശ്വസിക്കുന്നില്ല. ഏറെ നാളുകളായി മകന് നാടുമായി വലിയ ബന്ധമില്ല. ഒരു മാസം മുമ്പാണ് വീട്ടില്‍ വന്നു പോയതെന്നുമാണ് ഗോവിന്ദന്‍ പറഞ്ഞത്.