പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ് : ഇബ്രാഹിംകുഞ്ഞിനെ ഇന്ന് ചോദ്യംചെയ്യും

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എം.എല്‍.എയുമായ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും. വിജിലന്‍സ് ഡിവൈഎസ് പി ശ്യം കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുക . വിജിലന്‍സ് ശേഖരിച്ച വിവിധ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇബ്രാഹിം കുഞ്ഞില്‍ നിന്ന് ചോദിച്ചറിയും.

പൂജപ്പുരയിലെ ഓഫിസില്‍ രാവിലെ 11 നു ചോദ്യം ചെയ്യലിനായി എത്തണമെന്ന് വിജിലന്‍സ് നിര്‍ദ്ദേശം ആവശ്യപ്പെട്ടിടുണ്ട്.. കരാറുകാരായ ആര്‍.ഡി.എസ് കമ്പനിയ്ക്ക് നിയമ വിരുദ്ധമായി പണം അനുവദിച്ചുവെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ആരോപണം. കരാര്‍ കമ്പനിക്ക് മുന്‍കൂറായി എട്ടേകാല്‍ കോടി രൂപ കിട്ടിയത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടതോടെയാണെന്നാണ് വിജലന്‍സ് നിഗമനം. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നേരത്തെ തന്നെ സെക്രട്ടറിയേറ്റില്‍ നിന്നു വിജിലന്‍സ് ശേഖരിച്ചിരുന്നു.

Read more

അന്വേഷണത്തോട് സഹകരിക്കുമെന്നും മുന്‍കൂര്‍ ജാമ്യം തേടില്ലെന്നും ഇബ്രാഹിംകുഞ്ഞ് നേരത്തെ വ്യക്തമാക്കിയിരുന്നു.മുന്‍മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് കഴിഞ്ഞ ആഴ്ചയാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നടപടികള്‍ വേഗത്തിലാക്കി. നിയമസഭാ സമ്മേളനം പൂര്‍ത്തിയായതോടെ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു