യു.ഡി.എഫ് ഭരണകാലത്ത് പൊതുമരാമത്ത് വകുപ്പിൽ നടന്നത് കൊള്ള, ടാർ വരെ മറിച്ചു വിറ്റു, വിജിലൻസ് റിപ്പോർട്ട് ഉദ്ധരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതിയായിരുന്നുവെന്ന് വിജിലന്‍സ് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിക്കും സെക്രട്ടറിക്കുമെന്ന പേരില്‍ ഡിവിഷനുകളില്‍ പണപ്പിരിവ് നടന്നെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

2015 ല്‍ വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമസഭയില്‍ ഉദ്ധരിച്ചാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ബില്‍ തുക പെരുപ്പിച്ചും എസ്റ്റിമേറ്റ് തുക വര്‍ദ്ധിപ്പിച്ചും സാധനങ്ങള്‍ മറിച്ചു വിറ്റും പൊതുമരാമത്ത് വകുപ്പില്‍ വൻ ക്രമക്കേട് നടത്തി. വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം മേൽപ്പാലത്തിനുണ്ടായത്. അഴിമതി കാണിച്ചവരാരും രക്ഷപെടാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരാമത്ത് പണിയുടെ ബില്‍ തയ്യാറാക്കുമ്പോള്‍ കൈക്കൂലി വാങ്ങി. പണി പൂര്‍ത്തിയാകാതെ ബില്‍ പാസാക്കാനും കൈക്കൂലി. എസ്റ്റിമേറ്റ് പുതുക്കിയും പെരുപ്പിച്ചു കാണിച്ചും ക്രമക്കേട് നടന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ടാര്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ വസ്തുക്കള്‍ ഉദ്യോഗസ്ഥർ മറിച്ചു വിറ്റു. സ്ഥലംമാറ്റത്തിനും കൂടുതൽ മെച്ചപ്പെട്ട സ്ഥലത്തേക്കുള്ള പോസ്റ്റിംഗിനും കൈക്കൂലി വാങ്ങി തുടങ്ങിയവയാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ അഴിമതി ആരോപണങ്ങള്‍. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലെ അഴിമതിയും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു.

Read more

അതേസമയം, പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ കിറ്റ് കോയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും നിമസഭയില്‍ പറഞ്ഞു. മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന കിറ്റ്കോ അത് വേണ്ടവിധം ചെയ്തില്ലെന്നും പാലത്തിന്റെ ഡിസൈനിലും നിര്‍മ്മാണത്തിലും മേല്‍നോട്ടത്തിലും അപാകതയുണ്ടായെന്നും സുധാകരന്‍ വ്യക്തമാക്കി. കിറ്റ്കോയുടെ മേല്‍നോട്ടത്തില്‍ നടന്ന എല്ലാ നിര്‍മ്മാണങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.