ഉന്നത വിദ്യാഭ്യാസമന്ത്രി ഇന്ന് തന്നെ രാജി വെയ്ക്കണമെന്ന് വിഡി സതീശൻ; വിസി നിയമനം ഗവർണറുടെ ഉത്തരവാദിത്വമാണെന്ന് വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഇന്ന് തന്നെ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഡോ ആർ ബിന്ദു നിയമലംഘനം നടത്തി. സുപ്രീംകോടതി പ്രതിപക്ഷത്തിന്റെ വാദങ്ങൾ ശരിവെച്ചുവെന്നും വിഡി സതീശൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി എന്ന് വിധിയിലുണ്ട്. ഗവർണറും സർക്കാരും ഒന്നിച്ചു നടത്തിയ ഗൂഡാലോചനയാണിത്. ഗവർണറും ഗവൺമെന്റും തമ്മിൽ തർക്കമില്ലെന്നും വിഡി സതീശൻ പറഞ്ഞു. എന്നാൽ, സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ ഉത്തരവാദിത്വമെന്നും അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് അതു ചെയ്യേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു.

ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി അസാധുവാക്കിയ കോടതി വിധി അംഗീകരിക്കുന്നു. സർക്കാർ ശുപാർശ ചെയ്യുക മാത്രമാണ് ചെയ്തത്. വിധി പകർപ്പ് ലഭിച്ചിട്ടില്ലെന്നും ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാണ് കണ്ണൂർ വിസിയുടെ പുനർനിയമനം ശരിവെച്ചതെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. പുനർ നിയമന ആവശ്യം വന്നപ്പോൾ, തന്നെ ചട്ട വിരുദ്ധം ആണെന്ന് താൻ പറഞ്ഞിരുന്നു. എജിയുടെ ഉപദേശം ഉണ്ടെന്ന് സർക്കാർ അറിയിച്ചു. എല്ലാ സമ്മർദ്ദവും ഉണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും ഗവർണർ പറഞ്ഞു.

ഉത്തരവിൽ ഒപ്പുവെക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സമ്മർദമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിസിൽ നിന്നുളളവര്‍ തന്നെ വന്നുകണ്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഉപകരണമാക്കുകയായിരുന്നുവെന്നും ഗവർണർ തുറന്നടിച്ചു.