കെ റെയില്‍ അട്ടിമറിക്കാന്‍ വിഡി സതീശന്‍ 150 കോടി കൈപ്പറ്റി; പിവി അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ വിജിലന്‍സ് അന്വേഷണം

പിവി അന്‍വര്‍ എംഎല്‍എയുടെ അഴിമതിയാരോപണത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം. പിവി അന്‍വര്‍ ആരോപിച്ച 150 കോടിയുടെ അഴിമതി ആരോപണത്തിലാണ് അന്വേഷണം. കേരള കോണ്‍ഗ്രസ് എം നേതാവ് എഎച്ച് ഹഫീസാണ് വിഡി സതീശനെതിരെ പരാതി നല്‍കിയത്.

കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ സതീശന്‍ 150 കോടി കൈപ്പറ്റിയെന്നായിരുന്നു പിവി അന്‍വര്‍ നിയമസഭയില്‍ ആരോപിച്ചത്. കേരളത്തിന് പുറത്തുള്ള ബിസിനസുകാരില്‍ നിന്ന് സതീശന് 150 കോടി രൂപ ലഭിച്ചു. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം ചാവക്കാട് എത്തിയെന്നും അവിടെ നിന്ന് ശീതീകരിച്ച മത്സ്യ വ്യാപാര ലോറികളിലും ആംബുലന്‍സുകളിലുമായി കൈമാറിയെന്നുമായിരുന്നു ആരോപണം.

Read more

വിജിലന്‍സ് ഡിവൈഎസ്പി വിനോദ് കുമാറിനാണ് അന്വേഷണ ചുമതല. കര്‍ണാടകയിലെ ഐടി ലോബിക്ക് വേണ്ടിയാണ് കെ റെയിലിനെ എതിര്‍ത്തത്. കെസി വേണുഗോപാലുമായി ഇവര്‍ ഗൂഢാലോചന നടത്തി. മുഖ്യമന്ത്രി സ്ഥാനമാണ് വിഡി സതീശന് ലഭിച്ച ഓഫറെന്നും പിവി അന്‍വര്‍ സഭയില്‍ പറഞ്ഞിരുന്നു.