കോൺഗ്രസ് നടത്തിയ സമരമാണ് സർക്കാരിനെ കൊണ്ട് തെറ്റ് തിരുത്തിച്ചത്: വി.ഡി സതീശൻ

 

മോഫിയയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ആലുവ സി.ഐ സുധീറിനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആലുവയിൽ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തിയ സമരമാണ് സർക്കാരിനെ കൊണ്ട് തെറ്റ് തിരുത്തിച്ചത് എന്ന് വി.ഡി സതീശൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വിട്ടുവിഴ്ചയില്ലാത്ത നിലപാട് തുടരും. നിരവധി കേസുകളിൽ ആരോപണ വിധേയനായ സി.ഐ യെ സംരക്ഷിച്ചത് സി.പി.എം നേതാക്കളാണ്. പോലീസ് സ്റ്റേഷനുകളിൽ പാർട്ടിയാണ് ഭരണം. പഴയ കാല സെൽ ഭരണത്തിലേക്ക് കേരളത്തെ തിരിച്ച് കൊണ്ടു പോകാൻ പ്രതിപക്ഷം അനുവദിക്കില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആലുവ സി.ഐ സുധീറിനെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഡിജിപിയാണ് സസ്‌പെൻഡ് ചെയ്തത്. സി.ഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്. കൊച്ചി ഈസ്റ്റ് ട്രാഫിക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

മോഫിയയുടെ മാതാപിതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ ഉണ്ടെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് സിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്ന ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. മോഫിയയുടെ പരാതിയില്‍ സിഐ സുധീര്‍ കേസെടുക്കാന്‍ വൈകി. പരാതി ലഭിച്ച് 25 ദിവസം കഴിഞ്ഞ് ആത്മഹത്യയ്ക്ക് ശേഷമാണ് പൊലീസ് കേസെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചയില്‍ സിഐക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസിന് മുന്നില്‍ വച്ച് ഭര്‍ത്താവിനെ അടിച്ചതിന് ശാസിക്കുക മാത്രമാണ് ചെയ്തത്. ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവന്‍കുട്ടിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.

കുറിപ്പിന്റെ പൂർണരൂപം:

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വിട്ടുവിഴ്ചയില്ലാത്ത നിലപാട് തുടരും. ആലുവയിൽ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തിയ സമരമാണ് സർക്കാരിനെ കൊണ്ട് തെറ്റ് തിരുത്തിച്ചത്. സമര നേതാക്കൾക്ക് അഭിവാദ്യങ്ങൾ. നിരവധി കേസുകളിൽ ആരോപണ വിധേയനായ സി.ഐ യെ സംരക്ഷിച്ചത് സി.പി.എം നേതാക്കളാണ്. പോലീസ് സ്റ്റേഷനുകളിൽ പാർട്ടിയാണ് ഭരണം. പഴയ കാല സെൽ ഭരണത്തിലേക്ക് കേരളത്തെ തിരിച്ച് കൊണ്ടു പോകാൻ പ്രതിപക്ഷം അനുവദിക്കില്ല. പോലീസ് സ്റ്റേഷനുകളിൽ ഒരു സ്ത്രീ പോലും അപമാനിക്കപ്പെടില്ല എന്ന് സർക്കാർ ഉറപ്പ് വരുത്തണം. ആലുവ സമരം സർക്കാരിനുള്ള താക്കീതാണ്.