പുതുയുഗ യാത്രക്കിടെ കുറ്റ്യാടി വേദിയിലുണ്ടായത് ഒരു കുടുംബത്തിലെ തര്‍ക്കം പോലെയെന്ന് വി ഡി സതീശന്‍; 'കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണ്'

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയിലെ പൊതുവേദിയിലുണ്ടായ ഷാഫി പറമ്പിലിന്റെ നീരസം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുമ്പോള്‍ വിശദീകരണവുമായി വി ഡി സതീശന്‍. കുറ്റ്യാടിയിലെ പൊതുവേദിയിലുണ്ടായത് ഒരു കുടുംബത്തിലെ തര്‍ക്കം പോലെയെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. സമയമില്ലാത്തതിനാല്‍ സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞതെന്നും വിവാദം ജാഥയുടെ ശോഭ കെടുത്താനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണെന്നും മാധ്യമങ്ങള്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. 60000 വോട്ടിനു തോറ്റ മട്ടന്നൂരിലെ ജനക്കൂട്ടം നിങ്ങള്‍ കണ്ടതല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടി വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഇന്നലെയാണ് ഉന്തും തള്ളും ഉണ്ടായത്. പരിപാടിയുടെ അധ്യക്ഷനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലും ഷാഫി പറമ്പില്‍ എംപിയും തമ്മിലാണ് പ്രസംഗിക്കുന്നതിനെച്ചൊല്ലി പിടിവലിയും തര്‍ക്കവും ഉണ്ടായത്. പക്ഷേ വീഡിയോ അപ്പോഴേക്കും ട്രോള്‍ പേജുകളില്‍ ഹിറ്റായി. യുഡിഎഫിന്റെ സംഘാടനത്തിലെ പാകപ്പിഴയാണ് പുതുയുഗ യാത്ര വേദിയില്‍ കണ്ടത്.

പ്രസംഗിക്കാന്‍ വിളിക്കാന്‍ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്. ജാഥ ക്യാപ്റ്റന്‍ വി ഡി സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി പറമ്പില്‍. എന്നാല്‍ യോഗത്തിന് അധ്യക്ഷ്യത വഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ വി ഡി സതീശനെ സംസാരിക്കാനായി വിളിച്ചു. വിഡി വേദിയില്‍ നിന്ന് മൈക്കിനടുത്തേക്ക് എത്തുമ്പോഴേക്കും വേദിയിലുണ്ടായിരുന്ന ഡിസിസി അംഗങ്ങള്‍ ഷാഫിയെയാണ് വിളിക്കേണ്ടതെന്നും മാറിപ്പോയെന്നും ഡിസിസി സെക്രട്ടറിയെ ഓര്‍മ്മിപ്പിച്ചു. ഇതോടെ വേദിയില്‍ ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നവര്‍ പറഞ്ഞത് മനസിലാക്കി, ഉടനെതന്നെ ഷാഫിയെ വിളിക്കാനായി മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദ് കക്കട്ടിലിനെ ഷാഫി തടഞ്ഞു. ‘വിളിച്ച് കഴിഞ്ഞിട്ടാണോ തന്നെ വിളിക്കുന്നത്’ എന്ന് ഷാഫി ചോദിച്ചു. തുടര്‍ന്ന് വേദിയില്‍ ചെറിയ തര്‍ക്കമുണ്ടായി.

ഷാഫി സംസാരിക്കണമെന്ന് നേതാക്കളും ഇല്ലെന്ന് ഷാഫിയും പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. സമയക്കുറവ് ചൂണ്ടിക്കാട്ടിയ ഷാഫി അടുത്ത വേദിയില്‍ സംസാരിക്കാമെന്ന് പറഞ്ഞൊഴിയാന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാതെ അധ്യക്ഷന്‍ ഷാഫിയെ സംസാരിക്കാനായി ക്ഷണിക്കാന്‍ ശ്രമിച്ചു. ഡിസിസി സെക്രട്ടറിയെ തൂക്കിയെടുത്ത് നീക്കും പോലെ ഷാഫി പറമ്പില്‍ മാറ്റി നിര്‍ത്തുന്നതും വീഡിയോകളില്‍ കാണാം. പിന്നീട് വി ഡി സതീശന്‍ തന്നെ തുടര്‍ന്ന് സംസാരിക്കുകയും ചെയ്തു. സതീശന്റെ പ്രസംഗത്തിന് ശേഷം പ്രമോദ് കക്കട്ടില്‍ ഷാഫിയെ സംസാരിക്കാനായി വിളിച്ചു. താന്‍ കൂടുതല്‍ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി, ഒറ്റ വാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു. ‘പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറില്‍ കൂടുതല്‍ എണ്ണുമ്പോള്‍ കുറ്റ്യാടിയും എണ്ണിക്കോളൂ’എന്ന് മാത്രം പറഞ്ഞു ഷാഫി പ്രസംഗം അവസാനിപ്പിച്ചു.

Read more

വിഡി സതീശനും കെ. സുധാകരനും തമ്മിലുള്ള മൈക്ക് തര്‍ക്കത്തിന് ശേഷമുണ്ടായ പിടിവലി സമൂഹമാധ്യമങ്ങളിലടക്കം ലൈവ് ആയതോടെ ട്രോളുകള്‍ നിറഞ്ഞു. നേതാക്കളെക്കൊണ്ട് വേദി നിറഞ്ഞുകവിഞ്ഞതും അവരെ നിയന്ത്രിക്കാന്‍ നേതൃത്വം പാടുപെട്ടതും കുറ്റ്യാടിയിലെ ചിരിക്കാഴ്ച്ചയായി.